ജോഷി ബി.ജോൺ, മണപ്പള്ളി, കൊല്ലം

കേരളം രൂപം കൊണ്ട 1956-ൽ ലഭിച്ച റവന്യൂ ഭൂമിയായ 38863 ഏക്കർ കേരളത്തിൽ തന്നെ ഉണ്ടോ എന്നറിയാൻ സർക്കാർ റീ സർവേ നടപടികൾ ഘട്ടം ഘട്ടമായി നടത്തിവരികയാണ്. ഭൂമി അവിടെത്തന്നെ ഉണ്ടോ എന്ന് ഉറപ്പാക്കേണ്ടതും അതനുസരിച്ച് ഭൂനികുതി ഈടാക്കേണ്ടതും സർക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്വവുമാണ്.
സർക്കാരിന്റെ റവന്യൂ വകുപ്പിന്റെ പരിപാലനത്തിലുള്ള ഭൂമി, സർക്കാരിന്റെ തന്നെ സർവേ വകുപ്പിലെ ഉദ്യോഗസ്ഥർ റീ സർവേ നടത്തി, വിശദ റിപ്പോർട്ട് റവന്യൂ വകുപ്പിനു നൽകുകയാണ് ചെയ്തത്.
എന്നാൽ ഇപ്പോൾ, സർവേ വകുപ്പിനു ചെലവായ തുക വസ്തു ഉടമകളിൽ നിന്ന് ഈടാക്കുന്ന രീതി ലജ്ജാകരമാണ്. അതു പിരിക്കുന്ന ജോലി വില്ലേജ് ഓഫിസുകളെ ഏല്പിച്ചിരിക്കുകയാണ്.
കരം കൊടുക്കുന്ന ജനം ആവശ്യപ്പെടാതെ തന്നെ സർക്കാർ അവരുടെ വസ്തു അളന്നെങ്കിൽ അതിന്റെ ചെലവ് പൊതുജനം നൽകേണ്ട ആവശ്യമുണ്ടോ? ഭൂനികുതി അടയ്ക്കാൻ എത്തുന്നവരെ സർവേ വകുപ്പിന്റെ ചെലവിന്റെ പേരിൽ പിഴിയുന്ന നടപടി പിൻവലിക്കേണ്ടതാണ്.

വനിതാദിനത്തിൽ ഓർക്കാൻ

അനമിത്ര എൻ, കൊയിലാണ്ടി

1857 മാർച്ച്‌ എട്ടിന്‌, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരത്തിന്റെയും പ്രക്ഷോഭത്തിന്റെയും ഓർമപ്പെടുത്തലാണ്‌ ഓരോ വനിതാദിനവും. ഇതുവരെ നാം സ്ത്രീകൾക്കുവേണ്ടി എന്തൊക്കെ ചെയ്തു എന്നതിന്റെ വീക്ഷണഗതിയും ഇനി നാം എന്തൊക്കെ ചെയ്യാനുണ്ട്‌ എന്നതിന്റെ സൂചനകൂടിയാണ്‌ ആ ദിനവും എന്ന്‌ പലരും പറയാറുണ്ട്‌. എല്ലാം ഘോരഘോരം പ്രസംഗിച്ച്‌ തള്ളുന്നതല്ലാതെ കാര്യമായ പുരോഗതി ഉണ്ടാവുന്നില്ല. ഇന്ന്‌ വനിതാദിനം വെറും ചടങ്ങായി ഒതുങ്ങുന്നു. ഈ ദിനത്തെ വ്യത്യസ്തമായി ആഘോഷിക്കാൻ തീരുമാനിച്ചുകൊണ്ട്‌ മാതൃഭൂമിയുടെ വനിതാ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മി മുന്നോട്ടുവന്നിരിക്കുന്നു. ‘മറയില്ലാതെ മുലയൂട്ടാം’-സോഷ്യൽ മീഡിയ തുടക്കമിട്ട കാമ്പയിൻ ഏറ്റെടുത്തുകൊണ്ട്‌ ഗൃഹലക്ഷ്മി മുലയൂട്ടുന്ന മോഡലിന്റെ ചിത്രം കവർപേജിൽ നൽകി. മാറുന്ന കാലത്ത്‌ ഇത്‌ നല്ലൊരു തുടക്കത്തിനായിരിക്കട്ടെ എന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.