ടി.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ, നരിപ്പറ്റ
റിട്ട. ഇൻസ്പെക്ടർ ഓഫ്‌ പോലീസ്‌(തമിഴ്‌നാട്‌) 
കേരളത്തിൽ തമിഴ്‌നാട്‌ പെൻഷൻകാർ ഒരുപാടുണ്ട്‌. അതിൽ കുറേപ്പേർ ബാങ്ക്‌ വഴിയും ബാക്കിയുള്ളവർ ട്രഷറിയിൽനിന്നും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നു. തമിഴ്‌നാട്‌ സർക്കാർ അനുവദിക്കുന്ന ക്ഷാമബത്തയും മറ്റ്‌ ആനുകൂല്യങ്ങളും ലഭിക്കാൻ നാലുമാസംമുതൽ ഒരുവർഷംവരെ കാത്തിരിക്കേണ്ട ഗതികേടിലാണ്‌ ഞങ്ങൾ. 
 തമിഴ്‌നാട്‌ പെൻഷൻ അസോസിയേഷൻ പ്രതിനിധികൾ കേരള ട്രഷറി അക്കൗണ്ട്‌ ജനറലിന്‌ പലപ്രാവശ്യം പരാതിനൽകിയിട്ടും ഫലം കണ്ടില്ല. തമിഴ്‌നാട്‌ സർക്കാർ ഏഴാം ശമ്പളക്കമ്മിഷൻ പ്രഖ്യാപിച്ചെങ്കിലും  കേരള ട്രഷറികൾ ഇതുവരെയും അത്‌ കൊടുത്തിട്ടില്ല.  ഓർഡർ എത്തിയില്ല എന്ന മറുപടിയാണ്‌ സ്ഥിരമായി ലഭിക്കുന്നത്‌. 

വാർധക്യപെൻഷൻ നിർത്തലാക്കരുത്
ദേവദാസൻ അത്താണിക്കൽ, കോഴിക്കോട്‌
1200 ചതുരശ്രയടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർക്ക് വാർധക്യപെൻഷൻ നിർത്തലാക്കുന്നു എന്ന വാർത്ത പത്രത്തിൽ വായിച്ചു. ഇതെന്ത് ന്യായം?  1200 ചതുരശ്രയടിയിൽകൂടുതൽ വിസ്തീർണമുള്ള വീടുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് പെൻഷൻ നൽകുമ്പോൾ സർക്കാർജോലി ലഭിക്കാത്തവർക്ക് അത് നിഷേധിക്കുന്നത് ശരിയാണോ? 
  നിർഭാഗ്യവശാൽ സർക്കാർ ജോലിലഭിക്കാതെ കൂലിപ്പണിയെടുത്തും  കടകളിലും കമ്പനികളിലും തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്തും പിരിയുമ്പോൾ സർക്കാർ ഉദ്യോഗസ്ഥന്റെ പത്തിലൊരംശംപോലും കിട്ടാതെ പെൻഷനും കിട്ടാതെ വാർധക്യകാലത്ത് രോഗത്തോട് മല്ലിട്ട് ജീവിക്കുന്നവർക്ക്‌ വീട് 1200 ചതുരശ്രയടിയിൽ കൂടുതൽ ഉള്ളതിന്റെ പേരിൽ പെൻഷൻ നിർത്തൽചെയ്യുന്നത് ക്രൂരതയാണ്. 

പ്ലേജറിസം എന്ത്? എന്തല്ല
നസിറുദ്ദീൻ ടി., പ്രസിഡന്റ്, കൺസോർഷ്യം ഫോർ ഇൻഫർമേഷൻ പ്രൊഫഷണൽസ് ഇന്ത്യ
അക്കാദമിക സമൂഹത്തിനിടയിൽ ഈ അടുത്തകാലത്തായി ചർച്ചചെയ്യപ്പെടുന്ന വിഷയമാണ് പ്ലേജറിസം. പ്ലേജറിസത്തെ കോപ്പിയടി എന്നാണ് തെറ്റായി ഭാഷാന്തരം ചെയ്യപ്പെടാറുള്ളത്. എന്നാൽ, ശരിയായി അതിന്‌ ബൗദ്ധികമോഷണം എന്ന പ്രയോഗമായിരിക്കും യോജിക്കുക. പ്ലേജറിസം എന്നാൽ ഒരു വ്യക്തിയുടെ വാക്കുകൾ, വാചകങ്ങൾ മറ്റുവർക്കുകൾ മുതലായവ തന്റേതായി ഉപയോഗിക്കുന്നതാണ്. എന്നാൽ, മറ്റൊരാളുടെ വാക്കുകളും വാചകങ്ങളും മറ്റും പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദനീയമായതും ഉചിതവുമാണ്, പക്ഷേ, അതിന്റേതായ സൈറ്റേഷൻ (അവലംബം) നൽകണമെന്നുമാത്രം. 
ഈ കഴിഞ്ഞ ആഴ്ച ചില പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വൈറലായ ഒരു വാർത്തയാണ് കേരളത്തിലെ നാലിൽ ഒരു ഗവേഷണപ്രബന്ധം കോപ്പിയടി ആണെന്ന്. ഇത് മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ ഒരു കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ട ഒരു പ്രബന്ധത്തെ ആസ്പദമാക്കി നൽകിയ വാർത്ത ആയിരുന്നു. അത് കണ്ടെത്തിയതാകട്ടെ പ്ലേജറിസം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വേർ ഉപയോഗിച്ചും. ഈ വാർത്ത കേരളത്തിൽ അക്കാദമിക സമൂഹത്തിനിടയിൽ ഞെട്ടലുണ്ടാക്കുന്നതും ഗവേഷകരെയും ഗവേഷണ ഗൈഡുമാരെയും പ്രതിക്കൂട്ടിലാക്കുന്നതുമായിരിക്കുന്നു. പ്ലേജറിസം എന്നത് ഒരു വ്യക്തിക്കോ അല്ലെങ്കിൽ സോഫ്റ്റ്‌വേറിനോ കണ്ടെത്താൻ കഴിയുന്ന ഒന്നല്ല. അതത്‌ വിഷയങ്ങളിൽ അവഗാഹമുള്ള ആളുകൾക്കുമാത്രമേ അത് കണ്ടെത്താൻ സാധിക്കൂ. സോഫ്റ്റ്‌വേർ ആകട്ടെ സമാനത കണ്ടെത്തുന്ന ഒരു മെഷീൻമാത്രമാണ്. ശരിയാംവിധം അവലംബം നൽകുന്നവ സമാനതകളായി കംപ്യൂട്ടർ പരിഗണിക്കും. എങ്കിലും അത് പ്ലേജറിസത്തിന്റെ പരിധിയിൽപ്പെടുന്നില്ല. 

ഏതുവിഷയത്തിലും ഗവേഷണം നടത്തുമ്പോൾ ആ വിഷയത്തിലും സമാന വിഷയങ്ങളിലും മുൻപ് നടന്നിട്ടുള്ള പഠനങ്ങളും ഗവേഷണങ്ങളും അവലോകനം ചെയ്യുകയെന്നത് അനിവാര്യമാണ്. അത് ശാസ്ത്ര വിഷയങ്ങളിലും സാമൂഹിക ശാസ്ത്രത്തിലും ഭാഷാ സാഹിത്യങ്ങളിലും പാലിക്കപ്പെട്ടുപോരുന്നുമുണ്ട്. കംപ്യൂട്ടർ സോഫ്റ്റ്‌വേർ വഴി പ്ലേജറിസം പരിശോധനയും വലിയ സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ട്. ഒരാളുടെ പ്രബന്ധമോ മറ്റു പബ്ലിക്കേഷനോ സോഫ്റ്റ്‌വേർ വഴി പരിശോധിക്കുമ്പോൾ ഓട്ടോമാറ്റിക് ആയി അത് അപ്‌ലോഡ് ചെയ്യപ്പെടുകയും പിന്നീട് അത് പരിശോധിക്കുമ്പോഴെല്ലാം പ്ലേജറിസം ആയി റിപ്പോർട്ടുചെയ്യുകയും ചെയ്യുന്നു. കൂടാതെ, ഗവേഷണ വിഷയമായി ഏതെങ്കിലും പേപ്പർ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഈ പ്രശ്നം ഉണ്ടാകുന്നതാണ്. 
സർവകലാശാലകളും യു.ജി.സി.യും സമാനതകൾ വരാവുന്നതിന്റെ പരിധിയിൽ നിശ്ചയിച്ചിട്ടുണ്ട്. ഈ പരിധി ലംഘിക്കുമ്പോൾ അത് സമർപ്പിക്കാൻ സാധിക്കാതെവരികയും ചെയ്യും. കേരളത്തിലെ സർവകലാശാലകളാവട്ടെ, ഈ വിഷയം യു.ജി.സി.പോലും നിർദേശിക്കുന്നതിനുമുൻപ് നിയമമാക്കിയതാണ്. കാലിക്കറ്റ് സർവകലാശാല 2015-ൽ ഇതുമായി ബന്ധപ്പെട്ട നിയമം നിർമിക്കുകയും ഗവേഷണപ്രബന്ധം സമർപ്പിക്കുമ്പോൾ പ്ലേജറിസം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് അതോടൊപ്പം സമർപ്പിക്കൽ നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ടെന്നത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.