കെ.പി. ഭാൻഷായ്‌ മോഹൻ, കരുവാറ്റ, ആലപ്പുഴ
‘ഭരണഭാഷാ മലയാളം’ എന്ന മുദ്രാവാക്യം ഉയർന്നുകേൾക്കാൻ തുടങ്ങിയിട്ട്‌ നാളേറെയായി. എല്ലാ സർക്കാർ ഉത്തരവുകളും കത്തിടപാടുകളും മലയാളത്തിലായിരിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ(ഭരണ പരിഷ്കാര വിഭാഗത്തിന്റേതുൾപ്പെടെ) ഉത്തരവിനും വിജ്ഞാപനത്തിനും ദശകങ്ങളുടെ പഴക്കമുണ്ട്‌. പക്ഷേ, വഞ്ചി ഇപ്പോഴും തിരുനക്കരത്തന്നെ. കറന്റ്‌ ബിൽ, ബാങ്ക്‌ വായ്പാഫോറങ്ങൾ, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്‌, കോടതിയിലെ സമൻസ്‌, ജഡ്‌ജ്‌മെന്റ്‌, ട്രഷറിയിൽ സമർപ്പിക്കേണ്ട ആദായനികുതി ഫോറം തുടങ്ങി സർക്കാറിന്റെ പരിധിയിൽവരുന്ന പല ഇടപാടുകളും ഇംഗ്ലീഷിൽ തന്നെ തുടരുന്നു. സെക്രട്ടേറിയറ്റുമുതൽ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും മലയാളത്തിൽമാത്രമേ ഇടപാടുകൾ നടത്താവൂ എന്ന്‌ നിഷ്കർഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന്‌ മാത്രമല്ല ഇക്കാര്യത്തിൽ ഇനിയും അലംഭാവം കാട്ടുന്നവർക്കെതിരേ ശക്തമായ നടപടിയെടുക്കുകയും വേണം

ത്രിപുര നൽകുന്ന പാഠം
സലീം പടനിലം, കുന്ദമംഗലം
കാലഹരണപ്പെട്ട നയങ്ങളും തത്ത്വ ദ്വീക്ഷയില്ലാത്ത നിലപാടുകളുമായും ഏറെക്കാലം മുന്നോട്ടുപോകാൻ സി. പി.എമ്മിനാവില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ത്രിപുര തിരഞ്ഞെടുപ്പ് ഫലം.   നന്ദിഗ്രാം സംഭവത്തോടെ ഉറച്ച കോട്ടയായ പശ്ചിമബംഗാളിൽ അടിവേരുകളിളകിയ സി.പി.എമ്മിനെ ആശ്വാസ തുരുത്തായ ‘മധുരമനോജ്ഞ ത്രിപുര’യും ഇപ്പോൾ കൈവിട്ടിരിക്കുകയാണ്.
 ചെങ്കോട്ടയെ കാവി പുതപ്പിക്കാൻ കഴിഞ്ഞത് ബി.ജെ.പി.യുടെ രാഷ്ട്രീയപരീക്ഷണങ്ങളുടെ സുപ്രധാന വിജയമായാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. 1978 മുതൽ നൃപൻ ചക്രവർത്തിയെ പത്തുവർഷം ഭരിക്കാനനുവദിച്ച ത്രിപുരൻ ജനത ഇടയ്ക്ക് 1988-ൽ കോൺഗ്രസിനെ അധികാരത്തിലേറ്റിയെങ്കിലും 1993 മുതൽ ദശരഥ് ദേവിനെയും അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് മാണിക് സർക്കാരിനെ രണ്ട് പതിറ്റാണ്ട്‌  ഭരണസാരഥ്യമേൽപ്പിച്ചെങ്കിലും ഒരു മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുകയായിരുന്നു എന്നതാണ് സത്യം. കോൺഗ്രസിന് അതിന് കഴിയാതായപ്പോൾ പകരമാരെന്ന ചോദ്യത്തിന് ബി.ജെ.പി. ഉത്തരവുമായെത്തിയപ്പോൾ പൂർണമനസ്സോടെ വോട്ടർമാർ അവരെ എതിരേൽക്കുകയായിരുന്നു.  മാറ്റത്തിനു സമയമായി എന്നു ജനങ്ങളിലധികവും നേരത്തേ തന്നെ ചിന്തിച്ചുതുടങ്ങിയിരുന്നു. തൊഴിലില്ലായ്മ ഇവിടത്തെ വലിയ പ്രശ്നമായിരുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഇല്ലാതായതോടെ യുവജനങ്ങൾ മാറിച്ചിന്തിക്കാൻ തുടങ്ങി. വ്യവസായശാലകൾ തീരേയില്ലാത്ത സംസ്ഥാനത്ത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരും മുൻകൈ എടുത്തില്ല. നിരാശരായ ജനം കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പി.യുടെ കൈയിൽ സംസ്ഥാന ഭരണാധികാരം ഏൽപ്പിച്ചാൽ തങ്ങളുടെ പ്രയാസങ്ങൾക്ക് അറുതിയാവുമെന്ന പ്രതീക്ഷ വെച്ചുപുലർത്തി. അത്തരമൊരു ചിന്താധാരയാണ് ചെങ്കോട്ടയിൽ താമര വിരിയിക്കാൻ വഴിയൊരുക്കിയത്. അതിന്റെ അനുരണനങ്ങൾ ബി.ജെ.പി.ക്ക് കേരളത്തിലടക്കം വർധിത വീര്യവും സി.പി.എമ്മിന്റെ പ്രതാപത്തിന് മങ്ങലു മേൽപ്പിക്കും. ഫിനിക്സ് പക്ഷിയെപ്പോലെ ബി.ജെ.പി. ത്രിപുരയിൽ ഉയിർത്തെഴുന്നേൽക്കുമ്പോൾ സംപൂജ്യരായ കോൺഗ്രസ് കാലയവനികയ്ക്കുള്ളിൽ മറയുന്ന ദയനീയ കാഴ്ചയ്ക്കും നാം  സാക്ഷ്യംവഹിക്കേണ്ടി വരുന്നു.