സുരേഷ്‌ മംഗലത്ത്‌, നെടുങ്ങോട്ടൂർ, ഷൊർണൂർ
ലാൻഡ്‌ഫോൺ ഉപഭോക്താവിൽനിന്ന്‌ എന്ത്‌ ന്യായീകരണത്തിന്റെ അടിസ്ഥാനത്തിലാണ്‌ ബി.എസ്‌.എൻ.എൽ. വാടക ഈടാക്കുന്നത്‌? ടെലിഫോൺ തകരാറിലായാൽ സ്വന്തം ചെലവിൽ ഉപഭോക്താവ്‌ പുതിയത്‌ വാങ്ങുന്ന അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. കേടുവന്ന  ഉപകരണത്തിനുപകരം മറ്റൊന്ന്‌ ടെലിഫോൺ എക്സ്‌ചേഞ്ചിൽ ചെന്ന്‌ അന്വേഷിച്ചാൽ നിരാശമാത്രമാണ്‌ ഫലം. സ്വന്തം ചെലവിൽ പുതിയ ടെലിഫോൺ വാങ്ങുകയും അതിലും വലിയതുക വാടക എന്നപേരിൽ ഈടാക്കുകയും ചെയ്യുമ്പോൾ ഫലത്തിൽ ഉപഭോക്താവ്‌ ചൂഷണത്തിന്‌ വിധേയമാവുകയാണ്‌.

ഫാർമസിസ്റ്റുകൾ വേണം
റസാഖ്‌ പള്ളിക്കര, പയ്യോളി
മരുന്നുകളുടെ ഗുണനിലവാരം മാത്രമല്ല, വിതരണവും ശരിയായ രീതിയിലല്ല നടക്കുന്നത്‌. മരുന്ന്‌ മാറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. കാരണം, ഇന്ന്‌ ഒട്ടുമിക്ക ഫാർമസികളിലും മരുന്നുകളെക്കുറിച്ച്‌ യാതൊരു ധാരണയുമില്ലാത്തവരാണ്‌ അത്‌ കൈകാര്യം ചെയ്യുന്നത്‌. മരുന്നുകളുടെ ബ്രാൻഡ്‌ നെയിമിനുപകരം ജനറിക്‌ നാമം മാത്രമേ ഇന്ന്‌ എഴുതാൻ പാടുള്ളൂ. ഇത്‌ തിരിച്ചറിയാൻ യോഗ്യതയുള്ളവർ വേണം. ഫാർമസിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എത്രയോ പേർ ഇവിടെ തൊഴിലില്ലാതുണ്ട്‌. ചുരുങ്ങിയത്‌ ബീഫാം ഡിഗ്രിയുള്ളവരെയെങ്കിലും സർക്കാർ-സ്വകാര്യ ഫാർമസികളിൽ മരുന്ന്‌ വിതരണത്തിനായി നിയമിക്കണം.

തീരുമാനം സ്വാഗതാർഹം
സുഗതൻ എൽ. ശൂരനാട്, കൊല്ലം
എസ്.എസ്.എൽ.സി. പരീക്ഷയുടെ ചോദ്യപ്പേപ്പർ ആ ക്ലാസിൽ  പഠിപ്പിക്കുന്ന അധ്യാപകർതന്നെ തയ്യാറാക്കുമെന്ന സർക്കാർ തീരുമാനം  സ്വാഗതാർഹമാണ്. കഴിഞ്ഞകാലങ്ങളിൽ ഈ വിഷയത്തിൽ നിരവധി ആക്ഷേപങ്ങളും പരാതികളും പല ഭാഗത്തുനിന്നും ഉയർന്നിരുന്നു. കോളേജ് തലത്തിലുള്ള അധ്യാപകരാണ് ഇതുവരെ ഈ ജോലി ചെയ്തിരുന്നത്. ഇത് പലപ്പോഴും ഉയർന്നനിലവാരത്തിലുള്ള ചോദ്യങ്ങളാണെന്നുള്ള ആക്ഷേപമുണ്ടായിരുന്നു. ഇത് കുട്ടികളിലും രക്ഷിതാക്കളിലും പലപ്പോഴും  മാനസികവിഷമങ്ങൾക്ക്  ഇടയാക്കുന്നു. പത്താംക്ളാസിലെ പാഠഭാഗം പഠിപ്പിക്കാത്ത, കുട്ടികളുടെ പഠനനിലവാരം മനസ്സിലാക്കാത്ത ഒരാൾക്ക്‌ എങ്ങനെ ആ ക്ളാസിലെ ചോദ്യപ്പേപ്പർ തയ്യാറാക്കാൻ സാധിക്കും ? പത്താംക്ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർതന്നെ ചോദ്യപ്പേപ്പർ തയ്യാറാക്കുമ്പോൾ കുട്ടികളോടും ആ പരീക്ഷയോടും നൂറുശതമാനം നീതിപുലർത്താൻ കഴിയും.

ജൂനിയർ റെഡ്‌ക്രോസ്‌: കുട്ടികൾ എന്തുപിഴച്ചു
റുബീന റഷീദ്‌, മലപ്പുറം

2005 മുതൽ കേരളത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ഒരു സേവന സന്നദ്ധസംഘടനയാണ്‌ ജൂനിയർ റെഡ്‌ക്രോസ്‌. സേവനപ്രവർത്തനം നടത്തുന്ന കുട്ടികൾ മൂന്നുവർഷം പ്രവർത്തിച്ചാൽ അവർക്ക്‌ 10 മാർക്ക്‌ ബോണസായി സർക്കാർ അനുവദിച്ചിട്ടുണ്ട്‌. പത്തുമാർക്ക്‌ ലഭിക്കാൻ കുട്ടികൾ എ, ബി, സി എന്നീ മൂന്ന്‌ പരീക്ഷകൾ പാസാകേണ്ടതുണ്ട്‌. എട്ടാംക്ളാസുമുതൽക്കാണ്‌ കുട്ടികൾ പ്രവർത്തിച്ചുതുടങ്ങുന്നത്‌. കേരളത്തിൽ ഇപ്പോൾ ഏകദേശം നാലുലക്ഷത്തോളം കുട്ടികൾ ഈ സംഘടനയിലുണ്ട്‌.
ഏറ്റവും കൂടുതൽ കുട്ടികൾ മലപ്പുറം ജില്ലയിലാണ്‌-ഏകദേശം 35,000. ഇവർക്കുള്ള ‘സി’ ലെവൽ പരീക്ഷ ഒക്ടോബർമാസം നടക്കേണ്ടതായിരുന്നു. കുട്ടികൾ പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പ്‌ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ്‌ സംഘടനയുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്‌ വന്നത്‌. റെഡ്‌ക്രോസ്‌ എന്ന സംഘടനയുടെ ഏതാനും ചിലർ അഴിമതിനടത്തി എന്നതാണ്‌ കാരണമായി പറയുന്നത്‌.
റെഡ്‌ക്രോസിലെ ചിലർ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ അവരുടെ പേരിൽ നിയമനടപടിയെടുക്കാതെ ലക്ഷക്കണ
ക്കിന്‌ കുട്ടികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടനയുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻമാത്രം കുട്ടികൾ എന്തുപിഴച്ചു.