ജനുവരി 1, 2016 മുതൽ കേന്ദ്രസർക്കാർ പെൻഷൻകാർക്ക്‌ ഏഴാം ശമ്പളക്കമ്മിഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ അനുവദിച്ചു. റബ്ബർ ബോർഡിലെ ജീവനക്കാർക്കും പ്രസ്തുത ആനുകൂല്യങ്ങൾ അനുവദിക്കുകയുണ്ടായി. എന്നാൽ, റബ്ബർ ബോർഡിലെ പെൻഷൻകാരെ പൂർണമായി അവഗണിച്ചു. ഒന്നാം ശമ്പളക്കമ്മിഷൻ മുതൽ ആറാം ശമ്പളക്കമ്മിഷൻ വരെ റബ്ബർ ബോർഡിലെ പെൻഷൻകാർക്ക്‌ കമ്മിഷൻ ശുപാർശ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിച്ചു കൊണ്ടിരുന്നതാണ്‌. ഇതുസംബന്ധിച്ച്‌ നിരവധി നിവേദനങ്ങൾ റബ്ബർ ബോർഡ്‌, കൊമേഴ്‌സ്‌ മിനിസ്‌ട്രി, ധനകാര്യമന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ്‌ എന്നീ അധികാരകേന്ദ്രങ്ങളിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. 
ജീവിതത്തിന്റെ മുക്കാൽ ഭാഗവും രാജ്യത്തെ റബ്ബർ കർഷകർക്കും റബ്ബർ കൃഷിയുടെ വികസനത്തിനുംവേണ്ടി ചെലവഴിച്ച്‌ റബ്ബർ ബോർഡിൽനിന്ന്‌ വിരമിച്ച ഉദ്യോഗസ്ഥരുടെ ഏക വരുമാനമാർഗം സർക്കാർ അനുവദിച്ചു നൽകുന്ന പെൻഷനാണ്‌. അർഹമായ പെൻഷൻ ആനുകൂല്യങ്ങൾ നൽകാത്തതിനാൽ റബ്ബർ ബോർഡ്‌ പെൻഷൻകാരുടെ ആയിരത്തിമുന്നൂറ്‌് കുടുംബങ്ങൾ തീരാദുരിതത്തിലാണ്‌.

ദേശീയഗാനവും ദേശീയതയും
കെ.സി. ഉദയകുമാർ, മേയ്ക്കാട്‌, അത്താണി

ദേശീയതയും ദേശഭക്തിയും സർക്കാർ ഉത്തരവുകളിലൂടെയോ പോലീസിനെ നിയോഗിച്ചോ വളർത്തിയെടുക്കേണ്ട ഒന്നല്ല. അത് കാലാതിവർത്തിയായി ഓരോ പൗരനിലും നൈസർഗികമായി ഉരുത്തിരിഞ്ഞു വരേണ്ടതായ ഏകതാബോധമാണ്. അത് കുട്ടികളിൽ ബോധം ഉറച്ചു തുടങ്ങുമ്പോൾ മുതൽ വളർത്തിക്കൊണ്ടുവരേണ്ടതായ വികാരമാണ്. 
ഇവിടെ മതം അല്ലെങ്കിൽ ജാതി അടിസ്ഥാനമാക്കിയുള്ള നമ്മുടെ സാമൂഹിക ബോധത്തോളം ദേശാടിസ്ഥാനത്തിലുള്ള നമ്മുടെ സാമൂഹികബോധം വളർച്ച നേടിയിട്ടില്ല എന്നതാണ് യാഥാർഥ്യം. ദേശത്തോട് ഉള്ളതിനെക്കാൾ മതത്തോടോ ജാതിയോടോ വംശത്തോടോ ആണ്  നമുക്കൊക്കെ മമത. 
സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ദേശസ്നേഹമോ, ദേശീയതയോ വളർത്താൻ ഉതകുന്ന ഒരു പരിപാടിപോലും നടത്താൻ ശ്രമിക്കാത്ത സർക്കാരുകൾ തന്നെയാണ് ഒരു സുപ്രഭാതത്തിൽ ദേശസ്നേഹവുമായി ഇറിങ്ങിയിരിക്കുന്നത് എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.  ദേശസ്നേഹവും ദേശീയതയും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരോട് ഒരു മറുചോദ്യമുണ്ട്. ദേശീയതയും ദേശസ്നേഹവും വളർത്തിക്കൊണ്ടുവരാൻ നിങ്ങൾ എന്തെങ്കിലും ചെയ്തുവോ?

ക്ഷേത്രപ്രവേശം പൂർണമാകാൻ
രമ്യ പരമേശ്വരൻ, ബെംഗളൂരു

1936-ൽ ക്ഷേത്രമതിൽക്കെട്ടിനുള്ളിലേക്ക്‌ ഒരവർണൻ പ്രവേശിക്കുമ്പോൾ, മനുഷ്യജാതിയിലെ സമത്വത്തിലേക്ക്‌ വെളിച്ചം വീശുന്ന ഒരു പുതുയുഗം പിറക്കുകയായിരുന്നു. ആ യുഗപ്പിറവിയുടെ എൺപതാണ്ടുകൾക്കിപ്പുറം വീണ്ടും ആ ‘വർണമില്ലാത്തവൻ’ ശ്രീകോവിലിന്റെ പടികൾ ആർജവത്തോടെ കയറുമ്പോൾ, സമത്വത്തിന്‌ ഇനിയും പടികളേറെ കയറാനുണ്ടായിരുന്നു എന്ന സത്യമാണ്‌ നാം തിരിച്ചറിയുന്നത്‌.ആ കോവിലിനുപുറത്ത്‌, ഇനിയും അനർഹരെന്നു മുദ്രകുത്തി ഒരു വിഭാഗം കൂടിയുണ്ട്‌. അവർണരും സവർണരും എല്ലാം ഉൾപ്പെടുന്ന ‘സ്ത്രീജാതി’.
ബ്രാഹ്മണകുലത്തിൽ ജനിക്കുന്ന ഒരാൺകുട്ടിക്ക്‌ അവന്റെ പകത്വയോ, കഴിവോ ഒന്നുംതന്നെ നോക്കാതെ കൗമാരത്തിനുമുമ്പേ പൂണുനൂൽ നൽകി, ഇനി നീ ദൈവാരാധനയ്ക്ക്‌ യോഗ്യനെന്ന്‌ കല്പിക്കുമ്പോൾ, അതേ കുലത്തിൽ ജനിച്ചിട്ടും ബ്രാഹ്മണ്യത്തിന്റേതായ യാതൊരു അടയാളങ്ങളും ഇല്ലാതെ ജീവിക്കുന്നവരാണ്‌ അവിടത്തെ സ്ത്രീകൾ, അവസരങ്ങൾ പൊതുവായി ലഭ്യമാകണം -താത്‌പര്യവും അർഹതയുള്ളവർക്ക്‌ സ്വീകരിക്കാൻ തക്കവിധം, അത്‌ ഏത്‌ മേഖലയിലായാലും. ഏതു തൊഴിലും ഒരു മനുഷ്യന്‌ സർഗാത്മകമായി ചെയ്യണമെങ്കിൽ ആ തൊഴിലിനോട്‌ ആവേശമുണ്ടാകണം. ആ തൊഴിലിന്റെ ലക്ഷ്യത്തെപ്പറ്റി വ്യക്തതയുണ്ടാകണം. അതിന്റെ ഫലം കാണാനായി ആകാംക്ഷയുണ്ടാകണം. ധനസമ്പാദനം ഒരിക്കലും തൊഴിലിന്റെ ലക്ഷ്യമായിവരാൻ പാടില്ല. അത്‌ മാത്രമേ ആ പ്രവൃത്തിക്കും അതു ചെയ്യുന്നവനും ശോഭ നൽകുകയുള്ളൂ. 
ദൈവാരാധന കേവലമൊരു തൊഴിലല്ല, അതിന്‌ നിഷ്ഠയും മനഃശുദ്ധിയും മനഃശക്തിയും സമത്വഭാവവും സർവചരാചരസ്നേഹവും ആവശ്യമാണ്‌. അർഹതയുള്ള, ആർജവമുള്ള സ്ത്രീകളുണ്ടെങ്കിൽ  അവർക്കുമുമ്പിലും ശ്രീകോവിലുകൾ തുറക്കപ്പെടുകതന്നെ വേണം. ആ ലിംഗനീതിയും കൂടി നടപ്പാകുമ്പോൾ, ക്ഷേത്രപ്രവേശം അതിന്റെ എല്ലാ അർഥത്തിലും പൂർണമാവും.