വീടിനുമുമ്പിലുള്ള നാലരസെന്റ്‌ വസ്തു ഡേറ്റാബാങ്കിൽ ഉൾപ്പെട്ടതുകൊണ്ട്‌ ബാങ്ക് വായ്പ എടുക്കാനാവാതെ ഒരു വീടുവെയ്ക്കാൻ കഴിയാതെ വിഷമിക്കുന്ന കുടുംബമാണ്‌ എന്റേത്‌. നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട്‌ പൊതുജനം ശ്വാസംമുട്ടുമ്പോഴും മന്ത്രിമാർക്കും എം.എൽ.എ.മാർക്കും ഇവിടെ യഥേഷ്ടം ഭൂമികൈയേറാം. അവർക്ക്‌ ശിങ്കിടികളായി ചില ഉദ്യോഗസ്ഥരുംകൂടിയാവുമ്പോൾ നിയമങ്ങളെല്ലാം കീഴ്‌മേൽ മറിയും.
കളക്ടറുടെ റിപ്പോർട്ടിൽ കായൽ കൈയേറിയതായി കണ്ടെത്തിയ മന്ത്രി തോമസ്‌ ചാണ്ടി ഇനി മന്ത്രിസ്ഥാനത്ത്‌ തുടർന്ന്‌ ജനങ്ങളെ സേവിക്കാൻ അർഹനല്ല. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക്‌ മാനക്കേടുണ്ടാക്കിയ  ഉദ്യോഗസ്ഥരെയും നിയമത്തിനുമുമ്പിൽ കൊണ്ടുവരണം. സാധാരണക്കാരന്‌ നീതിനിഷേധവും പിടിപാടുള്ളവനുവേണ്ടി വളയുന്ന ചട്ടങ്ങളും എന്ന ശാപം ഇനിയെങ്കിലും തുടച്ചുമാറ്റണം.

ഇങ്ങനെ ക്രൂശിക്കണോ?
ഇ.ടി. ജോർജ്‌, കുന്ദമംഗലം

ഭൂനികുതി കൊടുക്കാൻ ജനങ്ങൾ ബാധ്യസ്ഥരാണ്‌.  കൊടുക്കാൻ താമസിച്ചവരെ അല്ലെങ്കിൽ കൊടുത്തനികുതിയുടെ രശീത്‌ സൂക്ഷിക്കാൻ വിട്ടുപോയവരെ റവന്യൂ ഉദ്യോഗസ്ഥർ ഇപ്പോൾ ക്രൂശിക്കുകയാണ്‌. വില്ലേജ്‌ ഓഫീസിൽ ചെല്ലുമ്പോൾ കുടിശ്ശികവരുത്തിയവരോട്‌ ആദ്യം കുടിക്കടരശീതുമായി വരാൻ പറയുന്നു. അതുമായി വില്ലേജ്‌ ഓഫീസിൽ ചെല്ലുമ്പോൾ വില്ലേജ്‌ ഒാഫീസർ കല്പിക്കുകയാണ്‌ അപേക്ഷയുമായി വരിക. അപേക്ഷയെഴുതി ചെല്ലുമ്പോൾ ഓഫീസിൽ ക്ളാർക്കിനെ ഏല്പിക്കുക. ക്ളാർക്ക്‌ പ്രസ്തുത ഭൂമി കാണാൻ കല്പിക്കുന്ന സമയത്ത്‌ പ്രസ്തുത ഉദ്യോഗസ്ഥനെ സ്ഥലം കാണിക്കുന്നു. തിരിച്ചുവരുമ്പോൾ ഉദ്യോഗസ്ഥർ പറയുന്നു, നിങ്ങളുടെ ഭൂമി കുറവായിട്ടാണ്‌ കുടിശ്ശികരശീതിയിൽ ഉള്ളത്‌. അത്‌ നിങ്ങൾക്ക്‌ ദോഷം ചെയ്യും. തിരുത്താൻ രജിസ്റ്റർ ഓഫീസിലേക്ക്‌ ഓടുന്നു. അവിടെച്ചെന്നപ്പോൾ, ‘ഉള്ള വസ്തു രേഖപ്പെടുത്തിയിട്ടുണ്ട്‌. നിങ്ങൾ കണ്ടത്‌ വില്ലേജ്‌ ഒാഫീസിലെ ജീവനക്കാരനെത്തന്നെയാണോ?’ ദിവസം എത്രയോ കുടശ്ശിക (കുടിക്കട) രശീതിയാണ്‌ ആ ഉദ്യോഗസ്ഥൻ കാണുന്നത്‌. ഉള്ളത്‌ കണ്ടില്ല എന്നുപറയുന്നത്‌  ആശ്ചര്യമല്ല ഒരു ക്രൂരവിനോദം. സർക്കാർ ജീവനക്കാരൻ സാധാരണക്കാരനെ കഷ്ടപ്പെടുത്തുന്ന പ്രവണത ഇല്ലാതാക്കിയില്ലെങ്കിൽ സമൂഹം ദുഷിക്കും

വില്ലേജ് ഓഫീസുകൾ നവീകരിക്കണം
എം. വിജയകുമാരൻ നായർ, പൂജപ്പുര

ഏറ്റവും കൂടുതൽ ജനങ്ങൾ നിത്യവും ആശ്രയിക്കുന്ന വില്ലേജോഫീസുകളിലെ സ്ഥിതി വളരെ പരിതാപകരമാണ്. 1478 വില്ലേജ് ഓഫീസുകളിൽ 90 ശതമാനവും പഴക്കംചെന്ന ചെറിയ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. വില്ലേജ് ഓഫീസർ അടക്കമുള്ള ജീവനക്കാർ കുടുസ്സുമുറികളിലിരുന്നാണ് ജോലിചെയ്യുന്നത്. 
റവന്യൂ രേഖകൾ വിലപ്പെട്ടതാണെങ്കിലും അത് മഴനനയാതെ സൂക്ഷിച്ചുെവയ്ക്കാൻപോലും സ്ഥലമില്ല. അവിടെവരുന്ന പൊതുജനങ്ങൾക്ക് ഇരിക്കാൻ കസേരകളില്ല. പ്രാഥമികാവശ്യത്തിനുള്ള സൗകര്യവുമില്ല. ഇത്രയും മോശമായ സാഹചര്യത്തിൽ പ്രവർത്തിക്കേണ്ടിവരുന്ന ജീവനക്കാർക്കുണ്ടാകുന്ന മാനസികവിഷമം ഊഹിക്കാവുന്നതേയുള്ളൂ. അവരിൽനിന്ന് കാര്യക്ഷമമായ പ്രവർത്തനം പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. 
നമ്മുടെ സംസ്ഥാനത്ത് എത്രയോ മാറ്റങ്ങൾ വന്നെങ്കിലും വില്ലേജ് ഓഫീസുകൾ രാജഭരണകാലത്തേതുപോലെ തുടരുകയാണ്. ഇവ ജനസൗഹൃദ ഓഫീസുകളാക്കി മാറ്റുന്നതിന് ഒരു പദ്ധതിക്ക് രൂപംനൽകുന്നത് നന്നായിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ എല്ലാ വില്ലേേജാഫീസുകളും ആധുനിക സൗകര്യമുള്ളവയാക്കി മാറ്റാൻ കഴിഞ്ഞാൽ അതൊരു വലിയ നേട്ടമായിരിക്കും. കിഫ്‌ബി യിൽനിന്ന് പണം സ്വീകരിച്ചാണ് പല വകുപ്പുകളും വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. അതിനാൽ വില്ലേേജാഫീസുകൾ (ക്ലസ്റ്ററുകളാക്കി) കിഫ്‌ബിയിൽനിന്ന് സാമ്പത്തികസഹായം സ്വീകരിക്കാൻ കഴിയുമോ എന്ന് പരിശോധിക്കേണ്ടതാണ്. നവീകരിക്കാനുദ്ദേശിക്കുന്ന വില്ലേജ് ഓഫീസുകൾ താലൂക്ക് തലത്തിലോ മേഖലതിരിച്ചോ ക്ലസ്റ്ററുകളാക്കാവുന്നതാണ്. ജീവനക്കാർക്ക് ആവശ്യമായ സ്ഥലസൗകര്യം, ആധുനികരീതിയിലുള്ള റെക്കോഡ് റൂം, പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള വിശ്രമസ്ഥലം, ടോയ്‌ലറ്റ് സൗകര്യം, ചുറ്റുമതിൽ, സ്ഥലമുണ്ടെങ്കിൽ ഗാർഡൻ എന്നിവ പുതിയ വില്ലേജ് ഓഫീസുകളിൽ ഉണ്ടാകേണ്ടതാണ്.