കശ്മീർജനത സ്വയംഭരണാധികാരം ആഗ്രഹിക്കുന്നു എന്നതരത്തിൽ മുൻ കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരം നടത്തിയ വിവാദപ്രസ്താവനയും അതിനെതിരേയുള്ള പ്രധാനമന്ത്രിയുടെ മറുപടിയും വായിച്ചു. 
അധികാരത്തിലിരിക്കുന്നവരും അധികാരമൊഴിഞ്ഞ് പ്രതിപക്ഷസ്ഥാനത്തിരിക്കുന്നവരും പൊതുചടങ്ങുകളിൽ  പ്രസംഗിക്കുക അല്ലെങ്കിൽ സംവദിക്കുക എന്നാൽ അത് രാജ്യത്തോടും ജനങ്ങളോടുമുള്ള പ്രസ്താവനയാണ്. അതുകൊണ്ടുതന്നെ അവർ സന്ദർഭങ്ങൾക്ക് അനുയോജ്യമായ വാക്കുകൾ ശ്രദ്ധയോടെ വിനിയോഗിക്കണം. മറുപക്ഷത്തെ  പ്രകോപിപ്പിക്കുന്നതിനുവേണ്ടി സാഹചര്യങ്ങൾ ചൂഷണംചെയ്യുമ്പോൾ തെറ്റിദ്ധരിക്കുന്നത് ജനങ്ങളാണ്. വിഷയം വിവാദമാകുമ്പോൾ  തിരുത്തിപ്പറയുന്നതും അത് വ്യക്തിപരമാണ്, രാഷ്ട്രീയ നേതൃത്വത്തിന് ഇതിൽ പങ്കില്ലെന്ന് പ്രസ്താവനയിറക്കുന്നതും ജനങ്ങളെ പരിഹസിക്കുന്നതിന്‌ തുല്യമാണ്. രാജ്യത്തിന്റെ അഖണ്ഡതയെ, സുരക്ഷയെ,  ബഹുസ്വരതയെ ഒക്കെ സംബന്ധിക്കുന്ന ഏറ്റവും ഗൗരവമുള്ള വിഷയങ്ങളിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ അത് ജനങ്ങൾക്കുള്ള സന്ദേശമാണെന്ന ബോധ്യമുണ്ടാവണം. നമ്മുടെ രാഷ്ട്രീയക്കാരിൽ ചിലർ അമിത ദേശീയ തത്‌പരരും മറ്റുചിലർ ദേശവിരുദ്ധരുമെന്ന തരത്തിൽ ജനങ്ങൾക്കിടയിൽ പ്രസ്താവന നടത്തുന്നത് ശരിയാണോ? അത് ദേശതാത്‌പര്യത്തിന്‌ വിരുദ്ധവും അപമാനവുമല്ലേ ? രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ജീവിതപുരോഗതി കൈവരുത്താനും കശ്മീർമുതൽ കന്യാകുമാരിവരെയുള്ള ഭൂപ്രദേശത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിലൂടെ മാത്രമേ സാധിക്കൂ.