ലഘുരോഗങ്ങൾക്ക്‌ ഡോക്ടറുടെ  കുറിപ്പടിയില്ലാതെ മരുന്നുകൊടുക്കുന്നത് നിയമവിധേയമാക്കാനുള്ള  അധികൃതരുടെ തീരുമാനം വൻ അപകടം വിളിച്ചുവരുത്തും. പനി, ജലദോഷം, ഗ്യാസ്ട്രബിൾ, അലർജി, ഛർദി, വയറിളക്കം, ചിലതരം ഗർഭനിരോധന ഗുളികകൾ എന്നിവയാണ് നിയന്ത്രണമില്ലാതെ മെഡിക്കൽസ്റ്റോറുകൾവഴി വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്‌. എന്നാൽ, ഈ നിയമം നടപ്പാകുന്നതോടെ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ വളരെ വലുതാണ്. 
ആധുനികകാലത്ത്‌ നിലനിൽക്കുന്നതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ  ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി പ്രവചിക്കാനോ മനസ്സിലാക്കാനോ കഴിയാത്തവിധം സങ്കീർണമാണെന്ന്‌ ആരോഗ്യവിദഗ്ധർതന്നെ സൂചിപ്പിച്ചിട്ടുള്ളതാണ്.  മഴക്കാലരോഗങ്ങളും ഉഷ്ണകാലരോഗങ്ങളും പടരുന്ന സമയങ്ങളിൽ സ്വയംചികിത്സ അരുതെന്നും ഡോക്ടറുടെ നിർദേശം സ്വീകരിച്ചേ ചികിത്സതേടാവൂ എന്നുമുള്ള ആരോഗ്യവിദഗ്ധരുടെയും ആരോഗ്യവകുപ്പിന്റെയും മുന്നറിയിപ്പിനെ അവഗണിക്കുന്നതാകും പുതിയ തീരുമാനം. ഈ നിയമം മുതലെടുത്ത് മരുന്നുവിതരണ കേന്ദ്രങ്ങളിലൂടെ പലവിധത്തിലുള്ള അനധികൃത ഇടപാടുകൾ നടക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.     

 

നല്ല സിനിമകൾ കാണാൻ 
കുട്ടികൾക്ക്‌ അവസരം നൽകുക

 

നല്ല പുസ്തകങ്ങൾ വായിക്കാൻ സർവശിക്ഷാ അഭിയാൻ പദ്ധതിയിലൂടെ അവസരമൊരുക്കുന്നത്‌ ഏറെ അഭിനന്ദനീയമാണ്‌. നല്ല പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിനുകൂടി അവസരമുണ്ടായിരിക്കേണ്ടതുമാണ്‌. നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികൾക്ക്‌ അവസരം നൽകുന്നതുപോലെ ഉത്തമ സിനിമകൾ കാണാൻകൂടി കുട്ടികൾക്ക്‌ സ്കൂൾതലത്തിൽ വേളയൊരുക്കുന്നത്‌ നന്നായിരിക്കും. 
നമ്മുടെ രാജ്യത്തെയും അയൽനാടുകളിലെയും നല്ല സിനിമകൾ സ്കൂൾ സദസ്സുകളിൽ  വിവരണങ്ങളോടെ അവതരിപ്പിച്ചാൽ നല്ല മാനസികാവസ്ഥയ്ക്കും അറിവിന്റെ വികാസത്തിനുമൊക്കെ പ്രേരകമായിരിക്കുകതന്നെ ചെയ്യും. സാങ്കേതികവളർച്ച വളരെയുള്ളതുകൊണ്ട്‌ ഇത്തരം സിനിമകൾ കാണിക്കുന്നത്‌ ഇക്കാലത്ത്‌  ശ്രമകരവുമല്ല.  നല്ല സിനിമകൾ കാണാനുള്ള അവസരം തിയേറ്ററുകളിലോ ചാനലുകളിലോ ലഭ്യമല്ലാത്ത അവസ്ഥയിൽ ലോക ക്ളാസിക്‌ സിനിമകൾ ഉൾപ്പെടെയുള്ളവ സ്കൂൾസദസ്സുകളിൽ പ്രദർശിപ്പിക്കാൻ അതത്‌ സ്കൂൾ അധികൃതരുടെയും പി.ടി.എ.യുടെയും ചുമതലയിൽ ശ്രമം നടത്താവുന്നതാണ്‌. ഇതോടൊപ്പം സിനിമകളെപ്പറ്റിയുള്ള പുസ്തകങ്ങൾകൂടി കുട്ടികൾക്ക്‌ പരിചയപ്പെടുത്താനും വായിപ്പിക്കാനുമുള്ള അടിയന്തരനടപടികൾ ആവശ്യമാണ്‌.