ആറന്മുള: തീരുകയായി കര്‍ക്കടകത്തിലെ കാലക്കേടുകള്‍... വരികയായി പൊന്നിന്‍ ചിങ്ങം...ഐശ്വര്യകാലത്തിന്റെ വരവറിയിച്ച് ദേവസ്തുതികളുമായി പാണന്‍ സംഘം നാട്ടിലാകെ പാടുകയാണ്. നാട്ടുചരിതങ്ങളും ദേവഗീതങ്ങളും പാണനാരുടെ നാവില്‍ നിന്ന് മാത്രം കേട്ടകാലം മലയാളമണ്ണിനുണ്ടായിരുന്നു.

ഉടുക്കിന്റെ അകമ്പടിതാളത്തിന് കാതോര്‍ത്തിരുന്ന അന്നിന്റെ ചില ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ആറന്മുളയിലെ കര്‍ക്കടകമാസം. വീടുകളിലേക്ക് നല്ലകാലത്തിന്റെ കഥകള്‍പാടി മണ്ണടി സ്വദേശിയായ വിനോദും മകന്‍ വിനോയിയും ഇത്തവണയുമെത്തി. തിരുവാറന്മുളയപ്പന്റെ അത്താഴപൂജയ്ക്ക് ശേഷമാണ് ഇവര്‍ ഓരോ വീടുകളിലുമെത്തുന്നത്. കര്‍ക്കടകത്തില്‍ ദേവസ്തുതികളുമായി പാണന്‍പ്പാട്ട് സംഘം ആറന്മുളയിലെത്തുന്നത് പുരാതനമായ ആചാരമാണ്. മദ്ദളത്തിന്റെ വലംതലയില്‍ കൊട്ടിയാണ് വീടുകളില്‍ സാന്നിധ്യമറിയിക്കുന്നത്. മദ്ദളത്തിന്റെ ശബ്ദംകേള്‍ക്കുന്ന വീട്ടുകാര്‍ നിലവിളക്ക് തെളിയിച്ച് താലത്തില്‍ അരിയും നാളികേരവും കസവുമുണ്ടും ദക്ഷിണയും വെച്ച് സ്വീകരിച്ചിരുത്തും.

തുടര്‍ന്ന് വീടിന് ഐശ്വര്യം സിദ്ധിക്കാനപേക്ഷിച്ച് സ്തുതികള്‍ ആലപിക്കും. തൊഴുകൈകളോടെ ഭക്തിപൂര്‍വ്വം വീട്ടുകാര്‍ കേട്ടു നില്‍ക്കും.

നല്‍കുന്ന ദക്ഷിണയും സ്വീകരിച്ച് പാണന്‍സംഘം മടങ്ങും. കര്‍ക്കടകം ഒന്നിന് തുടങ്ങി തിരുവോണംവരെ പാണന്‍ പാട്ട് തുടരും. കോവിഡ് സാഹചര്യമാണെങ്കിലും എല്ലാ മുന്‍കരുതലോടെയാണ് വീടുകളില്‍ ചെല്ലാറുള്ളതെന്ന് വിനോദ് പറഞ്ഞു. ശിവപാര്‍വതി സ്തുതികളും ദേശദേവനെ വാഴ്ത്തുന്ന സ്തുതികളുമാണ് തെക്കന്‍ മേഖലകളിലെ പാണന്‍പാട്ടുകളിലെ പ്രമേയം. വടക്കന്‍ മേഖലകളില്‍ വടക്കന്‍ വീരഗാഥയും മാമാങ്കവും ഉണ്ണിയാര്‍ച്ച ചരിതവുമെല്ലാമാണ് പ്രമേയമായിവരുന്നത്. ഉടുക്ക്, കിണ്ണം, മദ്ദളം എന്നിവയാണ് പാണന്‍പ്പാട്ടിലെ വാദ്യോപകരണങ്ങള്‍.

പത്തനംതിട്ടയില്‍ ആറന്മുള, മണ്ണടി തുടങ്ങിയ പ്രദേശത്തെ കുടുംബങ്ങള്‍ ഇന്നും ഈ കല അന്യംനിന്നുപോകാതെ തലമുറകള്‍ക്ക് കൈമാറി കാത്തുസൂക്ഷിക്കുന്നുണ്ട്. അതേസമയം, ഇത്രയും പുരാതനമായ കലയായ പാണന്‍പാട്ടിനെ സംരക്ഷിച്ചുനിര്‍ത്തുന്നതിനുള്ള ഒരു പ്രവര്‍ത്തനവും മറ്റ് തലങ്ങളില്‍ നിന്നുണ്ടാകുന്നുമില്ല. സ്‌കൂള്‍ യുവജനോത്സവങ്ങളിലും മറ്റും മത്സരയിനമായി പോലും ഈ കലാരൂപത്തെ ഇനിയും ഉള്‍പ്പെടുത്തിയിട്ടില്ല. പല നാടന്‍ കലാരൂപങ്ങള്‍ക്കും ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തുമ്പോഴും പാണന്‍പാട്ടിനുമാത്രം പരിഗണനയില്ല.

Content Highlights: vinod and son vinoy acts as panan and sing god sings amid onam