കോട്ടയം: തിരുവാറന്മുള പാർഥസാരഥി ഭഗവാന്റെ തിരുവോണസദ്യക്കുള്ള വിഭവസമർപ്പണത്തിന് കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് നാരായണ ഭട്ടതിരി യാത്രതിരിച്ചു. മൂപ്പുമുറ കാരണവർ സ്ഥാനത്ത് ഭട്ടതിരിക്ക് ഇത് 21-ാം ഊഴം. ആചാരപ്പെരുമയും ഐതിഹ്യപരിവേഷവുമുള്ള ഭട്ടതിരിയുടെ തോണിയാത്ര മീനച്ചിൽ, കൊടൂർ, പമ്പയാറുകളുടെ തീരങ്ങളെ വിശ്വാസക്കുളിരണിയിക്കുന്ന ഓണക്കാഴ്ച.

മൂന്ന് തുഴച്ചിൽകാരോടൊപ്പം വളവരവെച്ച ചുരുളൻ വള്ളത്തിലാണ് ഭട്ടതിരിയുടെ യാത്ര. ഞായറാഴ്ച 12-ന് ഇല്ലക്കടവിൽനിന്ന് പുറപ്പെട്ട ഭട്ടതിരിയെ കുമാരനല്ലൂർ ദേവിയുടെ ദേശവഴിക്കാർ ആർപ്പും കുരവയുമായി യാത്രയയച്ചു.

ഞായറാഴ്ച വിശ്രമമില്ലാതെ തുഴഞ്ഞ് പൂരാടപ്പുലർച്ചെ കിടങ്ങറയിലെത്തും. അവിടെനിന്ന് ഒൻപതരയോടെ തിരുവല്ല മൂവടത്തുമഠത്തിലെത്തും. വിശ്രമത്തിനുശേഷം പമ്പയാറ്റിലൂടെ സന്ധ്യക്ക്‌ ആറന്മുളയെത്തി അതിഥിമന്ദിരത്തിൽ തങ്ങും. അന്ന് ക്ഷേത്രത്തിൽ കയറില്ല.

ഉത്രാടപ്പുലർച്ചെയാണ് തിരുവോണതോണി നയിക്കാൻ ഭട്ടതിരി കാട്ടൂരിലേക്ക് പുറപ്പെടുന്നത്.

വരവേൽപ്പിനൊരുങ്ങി കാട്ടൂർ

ഉത്രാടദിവസം, തന്റെ മൂലകുടുംബം സ്ഥിതിചെയ്തിരുന്ന കാട്ടൂരിലെത്തുന്ന ഭട്ടതിരിയെ കരക്കാർ സ്വീകരിക്കും. കാട്ടൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ഉച്ചപ്പൂജ സമയത്ത് ദർശനം നടത്തും. ക്ഷേത്രസങ്കേതത്തിൽ വിശ്രമിക്കുന്ന ഭട്ടതിരി മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം മേൽശാന്തി കൊളുത്തിക്കൊടുക്കുന്ന ഭദ്രദീപം തിരുവോണതോണിയിൽ പ്രതിഷ്ഠിക്കും. ഇതിനകം, പാരമ്പര്യ ആചാരപ്രകാരം തിരുവാറന്മുളയപ്പനുള്ള എല്ലാ ഓണവിഭവങ്ങളും കാട്ടൂർ കരക്കാർ തിരുവോണത്തോണിയിൽ നിറയ്ക്കും.

ചെലവ് മിച്ചം പണക്കിഴി ഭഗവാന്

തിരുവോണദിവസം ആറന്മുള ക്ഷേത്രത്തിൽ നടക്കുന്ന എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്ന ഭട്ടതിരി അത്താഴപൂജയ്ക്കുശേഷം ’ചെലവ് മിച്ചം’ എന്ന സങ്കല്പത്തിൽ പണക്കിഴി കാണിക്കയർപ്പിച്ച് കുമാരനല്ലൂരിലേക്ക്‌ മടങ്ങും.

കുമാരനല്ലൂർ ദേവിക്ക് സഹോദരി സങ്കല്പം

ആറന്മുള ദേശവഴിയിൽപ്പെട്ട കാട്ടൂരിൽ താമസക്കാരായിരുന്ന മങ്ങാട്ടു ഭട്ടതിരി കുടുംബം നൂറ്റാണ്ടുകൾക്ക് മുൻപ് കുമാരനല്ലൂരിൽ കുടിയേറിയത് പാർഥസാരഥി ഭഗവാൻറെ അഭീഷ്ടാനുസരണം ആയിരുന്നെന്ന് വിശ്വാസം. അക്കാലം മുതൽ ആറന്മുളയപ്പന് തിരുവോണസദ്യക്കുള്ള വിഭവസമർപ്പണം മങ്ങാട്ടില്ലത്തെ മൂപ്പുമുറക്കാർ നടത്തിപ്പോരുന്നു. കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് ആറന്മുളയപ്പന് നിത്യപൂജ പതിവുണ്ട്. കുമാരനല്ലൂർ ദേവിക്ക് ആറന്മുളയപ്പന്റെ സഹോദരി സങ്കല്പമുണ്ടെന്നും നാരായണ ഭട്ടതിരി പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., വാർഡ് കൗൺസിലർ അഡ്വ.ജി.ജയകുമാർ, ചരിത്രകാരൻ കെ.പി.ശ്രീരംഗനാഥൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു മാത്യു തുടങ്ങിയവർ യാത്രയയയ്ക്കാനെത്തിയിരുന്നു.