പത്തനംതിട്ട: പരിസ്ഥിതിആഘാതപഠനം നടത്താതെ ജില്ലയിലെ പല ക്വാറികളും പാറപൊട്ടിക്കൽ തുടരുന്നു. പരിസ്ഥിതി ആഘാതപഠനം നടത്തിയിട്ടേ ഖനനം നടത്താവൂ എന്ന സുപ്രീംകോടതിവിധി ലംഘിച്ചാണ് ഖനനം. കോന്നി മേഖലയിലാണ് നിയമം ലംഘിച്ച് ഖനനം തുടരുന്നത്.
കോന്നിയിൽ ഉൗട്ടുപാറ, പയ്യനാമൺ, താവളപ്പാറ, കലഞ്ഞൂർ എന്നിവിടങ്ങളിൽ പകലും രാത്രിയും ഖനനം നടത്തുകയാണ്. ഉൗട്ടുപാറ- കല്ലേലി- എലിയറക്കൽ റോഡിൽ അതിരാവിലെ മൂന്ന് മണി മുതൽ വലിയലോറികൾ ലോഡ് കാത്ത് കിടക്കുകയാണ്. രാത്രി പൊട്ടിച്ചിടുന്ന പാറയാണ് വെളുപ്പിനെ കൊണ്ടുപോകുന്നത്. നാല് കിലോമീറ്റർവരെ ദൂരത്തിലാണ് ലോറികളുടെ നിര.
കോന്നി-കൈപ്പട്ടൂർ- ചന്ദനപ്പള്ളി റോഡിൽ പാറയുമായി പോകുന്ന ലോറികളുടെ തിരക്കാണ്. അനുമതിയുള്ളതിൽ കൂടുതൽ പാറ പൊട്ടിക്കുന്നത് കൊണ്ടാണ് ഇത്രയേറെ ലോഡ് കൊണ്ടുപോകാൻ കഴിയുന്നതെന്ന് വ്യക്തം.ശരാശരി 100-120 ലോറികളാണ് ഒരു ദിവസം പാറയുമായി കടന്നുപോകുന്നത്.
പയ്യനാമണ്ണിലെ ക്വാറിയിൽനിന്ന് ഖനനത്തിനിടെ പാറക്കഷണങ്ങൾ കോന്നി-തണ്ണിത്തോട് റോഡിലേക്ക് വീഴുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങളിൽ പോകുന്നവരും കാൽനടയാത്രികരും പേടിയോടെയാണ് യാത്ര.
കോന്നി പഞ്ചായത്തിലെ ആറ്, ഏഴ്, മൂന്ന്, ഒൻപത് വാർഡുകളിലാണ് ക്വാറികൾ ഏറെയും.എട്ട് ക്വാറികൾ പശ്ചിമഘട്ടത്തെ തുരക്കുന്നു.ഉൗട്ടുപാറയിലെ ക്വാറി അരുവാപ്പുലം പഞ്ചായത്തിലാണ്. കോന്നി ആറ്, ഏഴ് വാർഡുകളിലായി വ്യാപിച്ച് കിടക്കുന്ന ക്വാറി 120 ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്.
നശിക്കുമോ കോന്നിയുടെ മഴപ്പെരുമ
കേരളത്തിൽതന്നെ വേനൽമഴ ഏറ്റവും കൂടുതൽ ലഭിച്ച ഇടമാണ് കോന്നി. മാർച്ച് ഏഴിന് 3.1 സെന്റീമീറ്ററും എട്ടിന് 6.4 സെന്റീമീറ്ററും ഒൻപതിന് 4.4 സെന്റീമീറ്ററും മഴ ലഭിച്ചു.പശ്ചിമഘട്ടത്തിൽ തുടരുന്ന ഖനനം ഇൗ സൗഭാഗ്യങ്ങളെ നശിപ്പിക്കുമോ എന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകർക്കുണ്ട്. ഇൗ കുന്നുകളുടെ നാശം തമിഴ്നാട്ടിൽനിന്നുള്ള ഉഷ്ണവാതങ്ങളുടെ കേരളത്തിലേക്കുള്ള വരവ് എളുപ്പമാക്കുമെന്ന് പരിസ്ഥിതിപ്രവർത്തകനായ അവിനാശ് മണ്ണടി പറയുന്നു. സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടിയുരുളിപ്പാറയിലും ചിറ്റാറിലും
പത്തനംതിട്ട: വള്ളിക്കോട് കോട്ടയത്ത് തുടിയുരുളിപ്പാറയിലും ചിറ്റാറിലും ഖനനം തുടരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. രാത്രിയിലും പാറ പൊട്ടിക്കുന്നുണ്ട്. ചിറ്റാറിലെ ഖനനത്തിനിടെ വലിയശബ്ദം പരിസരവാസികൾക്ക് അലോസരം ഉണ്ടാക്കുന്നുണ്ട്. തുടിയുരുളിപ്പാറയിൽനിന്നുള്ള പാറ കൊണ്ടുപോകാൻ വെളുപ്പിനെ മൂന്നുമണി മുതൽ ലോറികൾ എത്തുന്നു. 100-150 ലോറികളാണ് ദിവസവും ഇവിടെനിന്ന് പാറ കൊണ്ടുപോകുന്നത്.
പുറമ്പോക്കിൽ ഖനനം
തുടിയുരുളിപ്പാറയിൽ 6.92 ഹെക്ടർ സ്ഥലത്ത് പുറമ്പോക്ക് കൈേയറി പാറ പൊട്ടിച്ചതായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നടത്തിയ സർേവയിൽ കണ്ടെത്തിയിരുന്നു. ജി.പി.എസ്. ടോട്ടൽ സ്റ്റേഷൻ മെഷീന്റെ സഹായത്തോടെയായിരുന്നു സർേവ.സർക്കാർ പതിച്ചുകൊടുത്ത സ്ഥലത്തും ഖനനം നടക്കുന്നു. ഉടമ ഇൗ റിപ്പോർട്ട് അംഗീകരിക്കാത്തതിനെ തുടർന്ന് വീണ്ടും സർേവ നടന്നുവരികയാണ്.