പൊടിയാടി: കോലറയാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച 12.30 ന് മന്ത്രി മാത്യു ടി.തോമസ് നിര്‍വഹിക്കും. ആറിന്റെ ഉദ്ഭവസ്ഥാനമായ അറയ്ക്കല്‍ മുയപ്പില്‍നിന്നാണ് പ്രവൃത്തികള്‍ തുടങ്ങുന്നത്. രണ്ട് ലക്ഷം രൂപ പ്രവര്‍ത്തനസമിതിയുടെ ആദ്യയോഗത്തില്‍ നാട്ടുകാരില്‍നിന്ന് സംഭാവനയായി ലഭിച്ചു. 

ജനകീയകൂട്ടായ്മയിലാണ് ഇപ്പോള്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്. ജോര്‍ജ് തോമസ്, ബസ്ലിബി കെ.ദാനിയല്‍ എന്നിവരെ ഖജാന്‍ജിമാരായി തിരഞ്ഞെടുത്തു. ഒരു യന്ത്രം ഉപയോഗിച്ച് പ്രവൃത്തികള്‍ നടത്തുന്നതിന് 16,500 രൂപയാണ് ദിവസ വാടക നല്‍കേണ്ടത്. മുന്‍കാല ചരിത്രത്തിന് വിപരീതമായി പടിഞ്ഞാറോട്ട് ഒഴുകിയിരുന്ന കോലറയാര്‍ ഇപ്പോള്‍ കിഴക്കോട്ടാണ് ഒഴുകുന്നത്. കഴിഞ്ഞ 23 ന് ജനപ്രതിനിധികളും ജനങ്ങളും ചേര്‍ന്ന് കടപ്ര പത്താംവാര്‍ഡില്‍ നടത്തിയ സര്‍വേ പ്രകാരം ആലാത്ത് കടവ് പാലത്തിനുസമീപം വടക്കു പടിഞ്ഞാറു വശത്ത് കരിങ്കല്‍കെട്ട് ഉള്ളതായും ആ ഭാഗത്ത് നിലവില്‍ അതിരുകല്ലുകളില്ല.

അടുകക്കടവ് മുതല്‍ കോയിക്കല്‍ കടവു വരെയുള്ള ആറിന്റെ പടിഞ്ഞാറു ഭാഗത്തെ വീടുകള്‍ വളരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ഇവരുടെ വീടുകളുടെ ഭാഗം കരിങ്കല്ലു കെട്ടി സംരക്ഷിക്കണം. കോയിക്കല്‍ വളവു മുതല്‍ കാരിക്കോട്ടു തോടുവരെയുള്ള ഭാഗം വളരെയധികം ഇടുങ്ങിയ നിലയിലാണ്. കാരിക്കോട്ട് തോടും വൃത്തിയാക്കിയില്ലെങ്കില്‍ ഇവിടുന്നുള്ള മാലിന്യം വീണ്ടും േകാലറയാറിലെത്തും. പലഭാഗങ്ങളിലും ലക്ഷങ്ങള്‍ വിലമതിക്കുന്ന മണ്ണ് ആറില്‍നിന്ന് നീക്കം ചെയ്യേണ്ടതായുണ്ട്. ഏറ്റവും കൂടുതല്‍ മണ്ണ് നീക്കം ചെയ്യേണ്ടതും കടപ്രയിലെ പത്താം വാര്‍ഡിലാണ്.