ഇരവിപേരൂര്‍: കോവിഡ് രോഗം ബാധിച്ച കുടുംബം മാനസികപിരിമുറുക്കം കുറയ്ക്കാന്‍ എഴുതി പാടിയ ഓണപ്പാട്ട് സാമൂഹികമാധ്യമത്തില്‍ വൈറലായി. ഇരവിപേരൂര്‍ ആറ്റിങ്ങല്‍ വീട്ടില്‍ ഗിരീഷ് ദേവ് സകുടുംബം പാടിയ പാട്ടാണ് ശ്രദ്ധപിടിച്ചുപറ്റിയത്.ഭാര്യ സന്ധ്യ ഗിരീഷ് എഴുതിയ ഗാനത്തില്‍ ഗിരീഷിന് പുറമേ മകള്‍ രണ്ടരവയസുകാരി സംഗീതലക്ഷ്മിയും ഇവരോടൊപ്പം പാടുന്നുണ്ട്.

ഓര്‍ക്കസ്ട്രയും മിക്സിങ്ങുമൊക്കെ തനിയെ നടത്തി ഇവര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ജൂലായ് 20-ന് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് 17 ദിവസം വീട്ടില്‍ കഴിയേണ്ടിവന്നിരുന്നു. ഇക്കാലയളവില്‍ ശാരീരികവും മാനസികവുമായ പലവിധ പ്രശ്നങ്ങള്‍ അലട്ടി. ഇതില്‍നിന്നുള്ള ആശ്വാസത്തിനായി പാടിയതാണ് 'പൊന്നണിയും തൂവെയിലും മുക്കുറ്റി തുമ്പകളും വരവേല്‍ക്കും ആവണിക്കാലം...' എന്നു തുടങ്ങുന്ന ഗാനമെന്ന് സന്ധ്യ പറഞ്ഞു. ചെറുപ്പത്തില്‍ സംഗീതം പഠിച്ചിട്ടുള്ള സന്ധ്യ വീട്ടിലെ തിരക്കുകള്‍ക്കിടയിലും ഗിരീഷിനൊപ്പം ചേര്‍ന്ന് സംഗീത ആല്‍ബങ്ങള്‍ തയ്യാറാക്കി പുറത്തിറക്കാറുണ്ട്.

Content Highlights: onam song by family make new trend