ചെങ്ങന്നൂർ : തിങ്കളാഴ്ച രാവിലെ കല്ലിശ്ശേരി പാലത്തിനു പടിഞ്ഞാറുള്ള പുത്തൻപുരയ്ക്കൽ കടവിൽ കുളിക്കാനെത്തിയ സ്ത്രീകളാണ് മുങ്ങിത്താഴുന്ന ആ കൈകൾ കണ്ടത്. അവരുടെ ബഹളംകേട്ടയുടൻ സമീപവാസിയായ സനിൽകുമാർ എന്ന ചെറുപ്പക്കാരൻ മറ്റൊന്നുമാലോചിക്കാതെ പമ്പയാറ്റിലേക്ക് എടുത്തുചാടി. താഴ്ന്നുപൊയ്ക്കൊണ്ടിരുന്ന ആ കൈകളിൽ ആഞ്ഞുപിടിച്ചു.

പിന്നെ, ഏറെ പണിപ്പെട്ട് ആ കൈകളുടെ ഉടമയെ നീന്തി കരയ്ക്കെത്തിച്ചു. പമ്പയാറ്റിലൂടെ അരക്കിലോമീറ്ററോളം ഒഴുകിയെത്തിയ പെണ്ണുക്കരസ്വദേശിയായ മധ്യവയസ്കനു ലഭിച്ചത് പുതുജീവൻ.

അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഞായറാഴ്ച രാത്രി വീടുവിട്ടിറങ്ങി ചെങ്ങന്നൂരിലുള്ള സുഹൃത്തിന്റെ അടുത്തെത്തിയതാണ് മധ്യവയസ്കൻ. ഇറപ്പുഴ പാലത്തിന്റെ കല്ലിശ്ശേരിഭാഗത്ത് ഇയാളുടെ സ്കൂട്ടർ കണ്ടിരുന്നുവെന്നും അവിടെനിന്ന് ആറ്റിൽച്ചാടിയതാണെന്നുമാണ് കരുതുന്നത്. ഇയാളുടെ ഇടതുകാലിൽ പ്ലാസ്റ്ററിട്ടിട്ടുണ്ടായിരുന്നു.

രക്ഷപ്പെടുത്തിയശേഷം തന്റെ വീട്ടിലെത്തിച്ച്‌ ഭക്ഷണവും വിശ്രമിക്കാൻ സൗകര്യവുമൊരുക്കിയശേഷമാണ് സനിൽകുമാർ പെണ്ണുക്കരയിലേക്ക് മധ്യവയസ്കനെ യാത്രയാക്കിയത്. കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കളെത്തിയിരുന്നു.

വിദേശത്തായിരുന്ന ഉമയാറ്റുകര കാഞ്ഞിരക്കാട്ട് വീട്ടിൽ സനിൽകുമാർ (44) ഒരുവർഷമായി കല്ലിശ്ശേരിയിലെ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ്. വീടുപണി നടക്കുന്നതിനാൽ നിലവിൽ കല്ലിശ്ശേരിയിലെ ഭാര്യവീട്ടിലാണു താമസം. ഈ വീടിനു സമീപത്തെ കടവിലാണ് സംഭവമുണ്ടായത്. ബി.ജെ.പി. കല്ലിശ്ശേരി 45-ാം നമ്പർ ബൂത്ത്‌ പ്രസിഡന്റുമാണ് സനിൽകുമാർ.