തിരുവല്ല: രൂക്ഷമായ വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുന്ന പെരിങ്ങര ഗ്രാമപ്പഞ്ചായത്തിലെ 11, 12 വാർഡുകളിലെ പ്രദേശങ്ങൾ മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. വെള്ളക്കെട്ടുമൂലം പ്രദേശത്ത് അനുഭവപ്പെടുന്ന ദുരിതം ചൂണ്ടിക്കാട്ടി ഗ്രാമപ്പഞ്ചായത്ത് അധികൃതരും പണിക്കോട്ടിൽ നിവാസികളും മാത്യു ടി.തോമസ് എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തെത്തുടർന്നാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഉദ്യോഗസ്ഥസംഘം സന്ദർശനം നടത്തിയത്.
വെള്ളക്കെട്ട് പതിവാകുന്ന ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന്റെ മുൻവശം, പണിക്കോട്ടിൽ ഭാഗം, മറിയപ്പള്ളിൽ ഭാഗം, പെരുഞ്ചാത്ര, മുണ്ടന്താനത്ത്പടി തുടങ്ങിയ ഇടങ്ങളിലാണ് സന്ദർശനം നടത്തിയത്. വാച്ചാൽ തോടുകൾ കൈയേറപ്പെട്ട ഭാഗങ്ങളും വാച്ചാലുകൾ കെട്ടിയടയ്ക്കപ്പെട്ട ഇടങ്ങളിലെയും വെള്ളക്കെട്ട് മൂലമുണ്ടാവുന്ന ദുരിതങ്ങൾ ഉദ്യോഗസ്ഥസംഘം പരിസരവാസികളിൽനിന്ന് ചോദിച്ചറിഞ്ഞു. വച്ചാൽ നിലനിന്നിരുന്ന റവന്യൂവസ്തു കണ്ടെത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും ശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് എം.എൽ.എയ്ക്കും ജില്ലാ കളക്ടർക്കും കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സിക്യുട്ടീവ് എൻജിനീയർ രാജശേഖരൻപിള്ള, അസി. എക്സിക്യുട്ടീവ് എൻജിനീയർ കെ.ശ്രീകല, അസി. എൻജിനീയർ അശ്വതി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്, വാർഡ് മെമ്പന്മാരായ പി.ജി.പ്രകാശ്, ക്രിസ്റ്റഫർ ഫിലിപ്പ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.