പന്തളം: വേനലിന്റെ ആരംഭംമുതൽ പന്തളം തെക്കേക്കരനിവാസികൾ വെള്ളത്തിനായി അനുഭവിക്കുന്ന യാതന ക്ഷമയുടെ നെല്ലിപ്പലകയിലെത്തി. ജനപ്രതിനിധികളോടും ജല അതോറിറ്റി ഉദ്യോഗസ്ഥരോടും പറഞ്ഞു മടുത്തപ്പോൾ തിരഞ്ഞെടുപ്പിനെ ആയുധമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.. പന്തളം തെക്കേക്കര പഞ്ചായത്തിൽ ജല വകുപ്പിന്റെ ശുദ്ധജല വിതരണം നിലച്ചിട്ട് ഒരാഴ്ച തികയുന്നു.
പഞ്ചായത്തിലെ ഭഗവതിക്കും പടിഞ്ഞാറു പോലെ ഉയരമുള്ളതും പാറനിറഞ്ഞതുമായ വാർഡുകളിൽ കിണറുകൾ തീരെക്കുറവാണ്. ഉള്ള കിണറുകൽ വേനലിന്റെ ആരംഭത്തിൽത്തന്നെ വറ്റി വരണ്ടു. ജല അതോറിറ്റിയുടെ പൈപ്പ് വഴിയുള്ള ജലവിതരണം മാത്രമാണു ജനങ്ങളുടെ ഏക ആശ്രയം. എന്നാൽ പൈപ്പ് പൊട്ടലും അത് പരിഹരിക്കുന്നതിലെ അധികൃതരുടെ അനാസ്ഥയും പതിവായതോടെ പ്രദേശവാസികൾ നരകയാതനയിലാണ്.
ഭഗവതിക്കും പടിഞ്ഞാറ് വാർഡിലെ നാനൂറോളം വീടുകളാണ് വെള്ളം കിട്ടാതെ വേനൽച്ചൂടിൽ നട്ടംതിരിയുന്നത്. തുമ്പമണിൽ ആറ്റു തീരത്തുള്ള കിണറിൽ നിന്നുമാണ് തുമ്പമൺ പഞ്ചായത്തിലേക്കും പന്തളം തെക്കേക്കര പഞ്ചായത്തിലേക്കും വെള്ളം പമ്പുചെയ്യുന്നത്. പന്തളം തെക്കേക്കര പഞ്ചായത്തിലേക്കുള്ള ജലവിതരണ പൈപ്പിന്റെ തുമ്പമണിലുള്ള ഭാഗത്തുണ്ടായ പൊട്ടലാണ് ഒരാഴ്ചയായി ജലപ്രതിസന്ധിക്ക് കാരണം. ഇക്കാര്യമുന്നയിച്ച് ജനകീയ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണു പന്തളം തെക്കേക്കര പഞ്ചായത്തിലെ റസിഡൻസ് അസോസിയേഷനുകൾ പലതും. അസോസിയേഷനുകളുടെ യോഗം വിളിക്കും
കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി റസിഡന്റ്സ് അസോസിയേഷനുകളുടെ യോഗം വിളിക്കും. അടിയന്തിരമായി പരിഹാരം കാണുന്നില്ലെങ്കിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ സമര രംഗത്തേക്കിറങ്ങും-എ.എൻ.വാസുദേവക്കുറുപ്പ്, മേഖലാ ജനറൽ സെക്രട്ടറി റസിഡന്റ്സ് അസോസിയേഷൻ.
പൈപ്പ് നന്നാക്കിക്കഴിഞ്ഞു
തുമ്പമൺ ഭാഗത്ത് പൈപ്പ് പൊട്ടിയതാണ് ഒരാഴ്ചയായി ജലവിതരണം മുടങ്ങാൻ കാരണമായത്. പൈപ്പ് നന്നാക്കുന്ന ജോലി പൂർത്തിയായി. പമ്പിങ് പുനരാരംഭിച്ചിട്ടുണ്ട്-അസിസ്റ്റന്റ് എഞ്ചിനീയർ ജല അതോറിറ്റി.
Content Highlights: Water Shortage in Pandalam