sunil
സുനില്‍ കൃഷ്ണന്‍

കവിയൂർ : കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതി ഉന്നയിച്ചെത്തിയയാൾ ജലവിതരണവകുപ്പിലെ കരാർജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു. മുണ്ടിയപ്പള്ളി ഇലവിനാൽ സ്വദേശി ഫിലിപ്പാണ് കവിയൂരിലെ വാൽവ് ഓപ്പറേറ്റർമാരായ സുനിൽ കൃഷ്ണനെയും കൃഷ്ണൻ നായരെയും ആക്രമിച്ചത്. സംഭവത്തിൽ ഫിലിപ്പിനെ അറസ്റ്റുചെയ്തതായി തിരുവല്ല എസ്.ഐ. എ.അനീസ് പറഞ്ഞു.

സുനിൽ കൃഷ്ണന്റെ വലതുകൈ ഒടിഞ്ഞു. വാൽവ്‌ തുറക്കാനുപയോഗിക്കുന്ന കീകൊണ്ടാണ് അടിച്ചത്. സുനിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച 5.30-ഓടെ ഇലവിനാൽ പമ്പ്ഹൗസിനുമുമ്പിലായിരുന്നു സംഭവം. സുനിലും കൃഷ്ണൻ നായരും കുടിവെള്ള പമ്പിങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു.

ഇതിനിടയിൽ ഇലവിനാൽ വാട്ടർടാങ്കിന് സമീപം താമസിക്കുന്ന ഫിലിപ്പ് കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതിയുമായെത്തി. ഇതിന് മറുപടി പറയാതെനിന്ന ഇവരുടെനേരേ കൈയിലിരുന്ന അരിവാൾ ആദ്യം വീശി. ഇരുവരും ഒഴിഞ്ഞുമാറിയതിനാൽ മുറിവേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് പമ്പ്ഹൗസിൽ തൂക്കിയിട്ടിരുന്ന കമ്പികൊണ്ടുള്ള വലിയ താക്കോലുപയോഗിച്ച് സുനിലിന്റെ കൈക്ക്‌ അടിക്കുകയാണുണ്ടായതെന്ന് ജലവിതരണ വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.

Content Highlights: Water Authority employee was beaten