കലഞ്ഞൂർ: പൂർണമായും തളർന്ന് കിടപ്പിലായ കലഞ്ഞൂർ ബിന്ദുഭവനിൽ വേലായുധനും തളർന്ന് എഴുന്നേൽക്കാൻപോലും വയ്യാത്ത ബിന്ദുവിനും അടിയന്തര ചികിത്സ ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.ബി.രാജീവ്കുമാർ പറഞ്ഞു. മാതൃഭൂമി കഴിഞ്ഞ ദിവസം ഈ കുടുംബത്തിന്റെ ദുരിതാവസ്ഥയെപ്പറ്റി നൽകിയ വാർത്ത കണ്ട് വീട് സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഈ കുടുംബത്തിന് ഒരു മാസത്തേക്ക് വേണ്ട അത്യാവശ്യസാധനങ്ങളും ഇദ്ദേഹം നൽകി. പൂർണമായും കിടപ്പുരോഗിയായതിനാൽ ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ വേലായുധന് ചികിത്സ ലഭ്യമാക്കും. മകൾ ബിന്ദുവിനെ കലഞ്ഞൂർ പഞ്ചായത്ത് കുടുംബശ്രീ, ജനനീ പാലിയേറ്റീവ് കെയർ എന്നിവയുടെ സഹായത്തോടുകൂടി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. ആരോഗ്യ പ്രവർത്തകൻ സജീവ്കുമാർ, കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷാമോഹൻ എന്നിവർക്ക് ഒപ്പമാണ് രാജീവ്കുമാർ എത്തിയത്. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഹിന്ദി ക്ലബ്ബ് ഇവർക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ നൽകുമെന്ന് കോ-ഓർഡിനേറ്റർ സജയൻ ഓമല്ലൂർ അറിയിച്ചു. കഴിഞ്ഞ നാല് ദിവസമായി വേലായുധന്റെ രോഗാവസ്ഥ കൂടുതലാണ്. ബിന്ദുവിന് പോളിയോ ബാധിച്ച് നടുവിന് താഴോട്ട് പൂർണമായും തളർന്ന അവസ്ഥയിലാണ്. ഇവരുടെ ചികിത്സയ്ക്കും തുടർ ജീവിതത്തിനുമായി കലഞ്ഞൂർ എസ്.ബി.ഐയിൽ ബിന്ദുവിന്റെ പേരിൽ 67361375212 എന്ന അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ഐ.എഫ്.കോഡ് എസ്.ബി.ഐ.0070663.