തിരുവല്ല: സന്ദീപിനെ കൊലപ്പെടുത്താനെത്തിയ സംഘം അരമണിക്കൂറോളം കാത്തുനിന്നശേഷമാണ് അക്രമം നടത്തിയത്. ചാത്തങ്കരി-ചക്കുളത്തുകാവ് റോഡിൽ കണ്ണങ്കരി കലുങ്ക് കഴിഞ്ഞ് വലത്തേക്കുള്ള ഇടവഴിയിലെ ആദ്യ കലുങ്കിൽ വെച്ചാണ് ആക്രമണം നടന്നത്.

സന്ദീപ് ഇവിടെ തനിച്ച് ബുള്ളറ്റിൽ എത്തിയതായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും ഇവിടെ സന്ദീപ് ഇരിക്കാറുണ്ടെന്ന് പ്രതികൾ മനസ്സിലാക്കിയിരുന്നതായാണ് പോലീസ് പറയുന്നത്.

സന്ദീപിന്റെ വീട്ടിൽനിന്നു 300 മീറ്ററോളം മാറിയാണ് ഈ സ്ഥലം. ഇവിടെനിന്നു മുക്കാൽ കിലോമീറ്റർ മാറി ചാത്തങ്കരി സാമൂഹികാരോഗ്യകേന്ദ്രത്തിന് സമീപമാണ് പ്രധാന പ്രതിയായ ജിഷ്ണുവിന്റെ വീട്. മാരകായുധങ്ങളുമായി ഒരുസംഘം ചെറുപ്പക്കാർ കണ്ണങ്കരി കലുങ്കിന് ഇപ്പുറത്ത് നിൽക്കുന്നതായി നാട്ടുകാർ കണ്ടിരുന്നു. കഞ്ചാവ് സംഘങ്ങൾ വിളയാടുന്ന പ്രദേശമായതിനാൽ അത്തരത്തിൽ ആരോ ആകുമെന്നാണ് കരുതിയത്.

പാർട്ടി അനുഭാവിയുടെ കേസുമായി ബന്ധപ്പെട്ട് പുളിക്കീഴ് പോലീസ് സ്‌റ്റേഷനിൽ വൈകീട്ട് എത്തിയ ശേഷമാണ് സന്ദീപ് തിരിച്ചെത്തുന്നത്. അക്രമം നടന്ന കലുങ്കിന്‌ സമീപമുള്ള വയലിലാണ് മുറിവേറ്റ് സന്ദീപ് കിടന്നിരുന്നത്. അക്രമിസംഘം മടങ്ങുമ്പോൾ സന്ദീപിന്റെ സഹപ്രവർത്തകരായ രാകേഷ്, അപ്പു എന്നിവർ ഇവിടേക്ക് എത്തി. ഇവരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയശേഷമാണ് പ്രതികൾ മടങ്ങിയത്. അവനെ വെട്ടിയിട്ടിട്ടുണ്ട്, വേണേൽ എടുത്ത് ആശുപത്രിയിൽ കൊണ്ടുപൊക്കോയെന്ന് ആക്രോശിക്കുകയും ചെയ്തു.

ഇവിടെനിന്നുപോയ പ്രതികൾ കണ്ണങ്കരി കലുങ്കിന് സമീപത്തെ ബാബുവിന്റെ മാടക്കടയിലെത്തി അക്രമം കാട്ടി. സന്ദീപിനും മറ്റും ഇവിടെ നിന്ന് സാധനങ്ങൾ നൽകരുതെന്നും കടയിൽ ഇരുത്തരുതെന്നും ഭീഷണിപ്പെടുത്തിയതായി ബാബു പറഞ്ഞു. ഭരണികളും കസേരയും അടിച്ചുതകർത്തു. തന്നെ കുത്താൻ ശ്രമിച്ചതായും ബാബു പറഞ്ഞു. ഈ സമയം സന്ദീപ് ഗുരുതരാവസ്ഥയിൽ കിടക്കുന്ന വിവരം കടയിലുള്ളവർ അറിഞ്ഞിരുന്നില്ല.

വെള്ളക്കെട്ടിനുസമീപമെത്തിയ രാകേഷും അപ്പുവും ചേർന്ന് സന്ദീപിനെ ബൈക്കിന് ഇടയിൽ ഇരുത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇടയ്ക്ക് എനിക്ക് ശ്വാസംമുട്ടുന്നതായി സന്ദീപ് ഇവരോട് പറഞ്ഞിരുന്നു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അല്പസമയത്തിനകം മരണം സ്ഥിരീകരിച്ചു. 18 മുറിവുകളാണ് സന്ദീപിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. മുതുകത്തെ മൂന്നുകുത്തുകളും ഇടതുനെഞ്ചിലെ ഒരുകുത്തുമാണ് ആഴമേറിയിരുന്നത്. രണ്ടര സെൻറിമീറ്റർ വരെ നീളമുള്ളതായിരുന്നു മുറിവുകൾ.