തിരുവല്ല : തുകലശ്ശേരിയിൽ മണ്ണിടിഞ്ഞുവീണ് രണ്ട് വീട് തകർന്നു. ആർക്കും പരിക്കില്ല. ബുധനാഴ്ച പുലർച്ചെ കനത്ത മഴയ്ക്കിടെയാണ് സമീപത്തെ ഉയരമുള്ള പുരയിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണത്.
നഗരസഭാ 24-ാംവാർഡിൽ തുകലശ്ശേരി ഐക്കരയിൽ ഗിരീഷ് കുമാർ, നന്ദാവനത്തിൽ ജയ എന്നിവരുടെ വീടുകളാണ് തകർന്നത്. ഇവരുടെ വീട് ആറ്റുതിട്ടയിലാണ്. തുകലശ്ശേരി ക്ഷേത്രത്തിന് തെക്കുവശത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിന്റെ ഭാഗം സംരക്ഷണഭിത്തിയടക്കം തകർത്ത് വീടുകളിരിക്കുന്ന ഭാഗത്തേക്ക് പതിക്കുകയായിരുന്നു. 20മീറ്ററോളം ഉയരമുള്ളതാണ് പുരയിടം.
ഗിരീഷ് കുമാറിന്റെ വീടിന്റെ അടുക്കള പൂർണമായും തകർന്നു. കടപ്പുമുറി ഭാഗികമായി തകർന്നു. ഇടിഞ്ഞുവീണ മണ്ണുവീണ് കിണർ പൂർണമായും മൂടിപ്പോയി. സമീപ വാസിയായ ജയയുടെ വീടിന് പിന്നിലെ ഷെഡ് പൂർണമായും തകർന്നു. മതിൽ ഇടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് ഞെട്ടിയുണർന്ന ഗിരീഷ് ഭാര്യയെയും മക്കളെയും കൂട്ടി വീടിന് പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മാത്യു ടി.തോമസ് എം.എൽ.എ., സബ് കളക്ടർ ഡോ. വിനയ് ഗോയൽ, നഗരസഭാ ചെയർമാൻ ആർ.ജയകുമാർ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.