തിരുവല്ല : 66 കെ.വി.സബ്‌സറ്റേഷൻ 110 കെ.വി.യായി ഉയർത്തുന്നു. ലോക്ഡൗൺകാലത്ത് തുടങ്ങിയ നവീകരണ ജോലികൾ ഒക്ടോബറോടെ പൂർത്തിയാകും.
നഗരത്തിലെ വൈദ്യുതി വിതരണത്തിലെ താളപ്പിഴകൾ ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 2.7 കോടി രൂപയുടേതാണ് പദ്ധതി. പള്ളം 220 കെ.വി. സബ്‌സ്‌റ്റേഷനിൽനിന്ന് മാവേലിക്കര 110 കെ.വി. സബ്‌സ്റ്റേഷനിലേക്കുള്ള വിതരണ ലൈനിലൂടെയാണ് തിരുവല്ലയിൽ വൈദ്യുതിയെത്തുന്നത്. ഇത് നിലനിർത്തുന്നതിനൊപ്പം മല്ലപ്പള്ളി- ചെങ്ങന്നൂർ ലൈനിൽനിന്നുള്ള വൈദ്യുതികൂടി തിരുവല്ലയ്ക്ക് ലഭിക്കും വിധമാണ് ശേഷി ഉയർത്തുന്നത്. ഇതിനായി മഞ്ഞാടി ടവറിൽനിന്ന് ഭൂഗർഭ കേബിൾ സ്ഥാപിച്ചു. പുതിയ 20 മെഗാവാട്ട് ട്രാൻസ്‌ഫോർമറും സ്ഥാപിക്കും.
നിലവിൽ 10 മെഗാവാട്ടുള്ള രണ്ട് ട്രാൻസ്‌ഫോർമറാണുള്ളത്. ഇതിന്റെ 70 ശതമാനം ശേഷിയിലാണ് പ്രവർത്തനം. 110 കെ.വിയാകുന്നതിന്റെ പ്രയോജനം തിരുവല്ല, തോട്ടഭാഗം, മണിപ്പുഴ എന്നീ സെക്ഷനുകൾക്ക് ലഭിക്കും. കൂടുതൽ ഫീഡറുകൾ ഉപയോഗപ്പെടുത്താൻ കഴിയും. അപ്പർകുട്ടനാട് ഉൾപ്പെടുന്ന ഭാഗത്തേക്ക് ഇവിടെനിന്ന് വൈദ്യുതി വിതരണം നടക്കുന്നുണ്ട്. ഈ ഫീഡറുകളിൽ അടിക്കടിയുണ്ടാകുന്ന കുഴപ്പങ്ങൾ പരിഹരിക്കാൻ ശേഷികൂട്ടലിലൂടെ കഴിയും. തിരുവല്ലയിലെ ചുമത്രയിൽ 66 കെ.വിയുടെ മറ്റൊരു സബ്‌സ്റ്റേഷൻ കൂടി പ്രവർത്തിക്കുന്നുണ്ട്. 1960-ലാണ് തിരുവല്ലയിൽ സബ്‌സ്റ്റേഷൻ വരുന്നത്.