തിരുവല്ല : പശ്ചിമബംഗാളിലെ ഹൗറയിലേക്ക് തിരുവല്ലയിൽനിന്ന്‌ ഇതരസംസ്ഥാന തൊഴിലാളികളുമായി പ്രത്യേക തീവണ്ടി പുറപ്പെട്ടു. ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള 1478 പേരാണ് യാത്രക്കാർ. കെ.എസ്.ആർ.ടി.സി. ബസുകളിലാണ് തൊഴിലാളികളെ സ്റ്റേഷനിൽ എത്തിച്ചത്. ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ സ്റ്റേഷന്റെ പ്രധാന കവാടത്തിൽ തൊഴിലാളികൾക്ക് സാനിറ്റൈസറും പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. മാത്യു ടി.തോമസ് എം.എൽ.എ., ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, തിരുവല്ല നഗരസഭാ ചെയർമാൻ ആർ.ജയകുമാർ തുടങ്ങിയവർ തൊഴിലാളികളെ യാത്രയാക്കാൻ സ്റ്റേഷനിലെത്തിയിരുന്നു. തിരുവനന്തപുരത്തുനിന്ന്‌ ജാർഖണ്ഡിലേക്കുള്ള പ്രത്യേക തീവണ്ടിയിൽ ചൊവ്വാഴ്ച 506 തൊഴിലാളികൾ തിരുവല്ലയിൽനിന്ന് മടങ്ങിയിരുന്നു.