തിരുവല്ല: കരകവിഞ്ഞൊഴുകുന്ന പമ്പ, മണിമല ആറുകൾ അപ്പർകുട്ടനാടിനെ മുക്കുന്നു. താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കഴിഞ്ഞദിവസങ്ങളിൽ നാലടിവരെ കുതിച്ചുയർന്ന ജലനിരപ്പ് അപ്പർകുട്ടനാട് മേഖലയിൽ പ്രളയഭീതി സൃഷ്ടിച്ചു. ശനിയാഴ്ച ഉച്ചമുതൽ വെള്ളം കയറുന്നതു സാവധാനത്തിലായി. ചില പ്രദേശങ്ങളിൽ രണ്ടടിയോളം വെള്ളമുയർന്നു. മിക്കയിടങ്ങളിലും വീടുകളിൽ വെള്ളംകയറിക്കിടക്കുന്നു. നദികളുടെ അനുബന്ധതോടുകളും നിറഞ്ഞൊഴുകുന്നു.

ഗ്രാമീണറോഡുകൾ മിക്കതും വെള്ളത്തിനടിയിലാണ്. ആർമിയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും രണ്ടുസംഘം ട്രക്കുകളിൽ ഇവിടത്തെ പ്രളയബാധിതപ്രദേശങ്ങളിൽ നിരീക്ഷണം നടത്തി. നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, കുറ്റൂർ, ഇരവിപേരൂർ എന്നീ വില്ലേജുകളെയാണ് വെള്ളപ്പൊക്കം ഏറെ ബാധിച്ചത്. പെരിങ്ങരയിലെ മേപ്രാൽ, ചാത്തങ്കരി, അമച്ചകരി എന്നീ മേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്. കുറ്റപ്പുഴ വില്ലേജിൽ തിരുമൂലപുരത്താണ് ദുരിതമേറെ. അടുമ്പട, ഇടമലത്ത, ഞവണാകുഴി കോളനികൾ വെള്ളപ്പൊക്കഭീതിയിലാണ്. മേപ്രാലിലേക്കുള്ള ബസുകൾ സ്വാമിപാലം ജങ്ഷൻവരെയേ സർവീസ് നടത്തുന്നുള്ളൂ. കാവുംഭാഗം-ചാത്തങ്കരി പാതയിൽ ചെറുവാഹനങ്ങളുടെ യാത്ര ഏതാണ്ട് പൂർണമായും നിലച്ചു. മനയ്ക്കച്ചിറ-കുറ്റൂർ പാതയിലും തിരുവല്ല-കല്ലൂപ്പാറ-മല്ലപ്പള്ളി റോഡിൽ പെരുംപടിയിലും മരം വീണതിനെത്തുടർന്ന് വാഹനഗതാഗതം ഒരുമണിക്കൂറോളം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.