തിരുവല്ല: തിരുമൂലപുരം പുളിക്കത്തറ കോളനിക്കാർ വല്ലാത്ത അവസ്ഥയിലാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ പണിത ഒാടയിലൂടെ വെള്ളം കുതിച്ചെത്തി കോളനിയെ മുക്കി. ഇരുവെള്ളിപ്പറ റെയിൽവേ അണ്ടർപാസിൽ പണിത ഓടയിലൂടെയാണ് വെള്ളം സമീപത്തുള്ള കോളനിയിൽ എത്തിയത്. കോളനിയിലെ ഇരുപതോളം വീടുകളിൽ വെള്ളം കയറി. ബന്ധുവീടുകളിലും മറ്റുമായാണ് കോളനിക്കാർ കഴിയുന്നത്.
നാല് വർഷം മുമ്പ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ നടക്കുമ്പോഴാണ് ഇരുവെള്ളിപ്പറ റെയിൽവേ അണ്ടർപാസ് പണിയുന്നത്. റെയിൽവേ ഗേറ്റ് ഒഴിവാക്കി തിരുമൂലപുരം-കറ്റോട് റോഡിൽ സുഗമയാത്രയൊരുക്കുകയായിരുന്നു ലക്ഷ്യം. മഴക്കാലമായാൽ അണ്ടർപാസിൽ വെള്ളക്കെട്ടുമൂലം ഗതാഗതം മുടങ്ങുന്നത് വിവാദമായി. നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തെത്തി. പരിഹാരമായി റോഡിൽനിന്ന് തെക്കുവശത്തുള്ള മണിമലയാറ്റിലേക്ക് റെയിൽവേ ഓട പണിതു.
ആഴത്തിലുള്ള ഓടയുടെ താഴ്വശത്തെ നിരപ്പിനേക്കാൾ നദി താഴ്ന്ന് കിടക്കുമ്പോൾ ജലം തടസ്സമില്ലാതെ ഒഴുകിമാറി. കഴിഞ്ഞ രാത്രി ആറ്റിൽ ജലനിരപ്പ് കുതിച്ചുയർന്നതോടെ ഓടയിലൂടെ വെള്ളം തിരിച്ചുകയറി. റോഡും കവിഞ്ഞ് കോളനിയെ മുക്കി. ഫലത്തിൽ റോഡിലൂടെ ഗതാഗതം നിലയ്ക്കുകയും ചെയ്തു, കോളനിയിലെ വീടുകളിൽ വെള്ളവും കയറി. ഓട നദിയുമായി ചേരുന്ന ഭാഗത്ത് ഷട്ടർ സ്ഥാപിക്കാതിരുന്നതാണ് പ്രധാന പ്രശ്്നമെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് മണൽച്ചാക്ക് അടുക്കി ഒഴുക്ക് തടയാൻ നാട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.