പത്തനംതിട്ട : സെപ്റ്റംബർ ഒന്നോടെ ജില്ലയിൽ ഉദ്ഘാടനം ചെയ്യുന്നത് 27 തദ്ദേശസ്ഥാപനങ്ങളിലായി 32 ടേക്ക് എ ബ്രേക്ക് ശൗചാലയ സമുച്ചയങ്ങൾ. പൂർത്തീകരണ ഘട്ടത്തിലേക്കെത്തിയ ഈ ശൗചാലയ സമുച്ചയങ്ങളുടെ ഫീൽഡ്‌തല പരിശോധന ബ്ലോക്ക് പഞ്ചായത്തിലെ ജനറൽ എക്സ്റ്റൻഷൻ ഓഫീസർമാർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാർ എന്നിവർ ഉൾപ്പെടുന്ന ടീമുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഓഗസ്റ്റ് 10-നകം ആദ്യഘട്ട ഫീൽഡുതല പരിശോധനാ റിപ്പോർട്ട് നൽകും. 25-നകം സമ്പൂർണ പൂർത്തീകരണം ഉറപ്പുവരുത്തി രണ്ടാംഘട്ട ഫീൽഡുതല പരിശോധനാ റിപ്പോർട്ട് ജില്ലാ ശുചിത്വമിഷനും തദ്ദേശസ്ഥാപനങ്ങൾക്കും കൈമാറും.

മൂന്ന് തലങ്ങളിൽ

അടിസ്ഥാനതലം, സ്റ്റാൻഡേർഡ്, പ്രീമിയം എന്നീ തലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. വഴിയിടം ബോർഡ്, നാപ്കിൻ ഡിസ്ട്രോയർ യൂണിറ്റ്, ആകർഷകമായ പെയ്ന്റിങ്‌, വാഷ് ബേസിൻ, കണ്ണാടി തുടങ്ങിയവ സജ്ജീകരിക്കും. പുതിയ ശൗചാലയം നിർമിക്കുന്നതിനോടൊപ്പം നിലവിലുള്ളവയെ നവീകരിച്ചും പദ്ധതിയുടെ ഭാഗമാക്കും. പ്രീമിയം തലത്തിൽ കോഫി ഷോപ്പും പ്രവർത്തിപ്പിക്കാൻ ആലോചനയുണ്ട്.

പരിപാലനത്തിന് കുടുംബശ്രീ

തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയറിങ്‌ വിഭാഗം പൂർത്തീകരിക്കുന്ന സമുച്ചയങ്ങളുടെ പരിപാലനം തദ്ദേശസ്ഥാപനങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പേ ആൻഡ്‌ യൂസ് മാതൃകയിൽ കുടുംബശ്രീ യൂണിറ്റുകളാണു നിർവഹിക്കുക. ശൗചാലയങ്ങളുടെ പരിപാലനത്തിനായി ചുമതലപ്പെടുത്തുന്ന കുടുംബശ്രീ അംഗങ്ങൾക്ക് പ്രതിദിനം 300 രൂപ വരുമാനം ഉറപ്പാക്കും. വരുമാനം ഉറപ്പാക്കുവാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ അത് തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീ യൂണിറ്റുകൾക്കു നൽകണം. ജില്ലയിൽ ആകെ 6.40 കോടി രൂപയ്ക്കുള്ള 87 പ്രോജക്ടുകൾക്കാണ് തദ്ദേശസ്ഥാപനങ്ങൾ രൂപം നൽകിയത്. ഇതിൽ 68 പ്രോജക്ടുകളാണ് നിർവഹണ പുരോഗതിയിലുള്ളത്. തദ്ദേശസ്ഥാപനങ്ങളുടെ വികസനഫണ്ട്, ശുചിത്വമിഷൻ വിഹിതം എന്നിവ ഉപയോഗിച്ചാണ് പ്രോജക്ടുകൾ രൂപവത്കരിച്ചിട്ടുള്ളത്.

അടൂർ, പത്തനംതിട്ട നഗരസഭകൾ, ആനിക്കാട്, കോട്ടാങ്ങൽ, റാന്നി പെരുനാട്, മല്ലപ്പള്ളി, ചിറ്റാർ, നാറാണംമൂഴി, വെച്ചൂച്ചിറ, കുളനട, പന്തളം തെക്കേക്കര, മലയാലപ്പുഴ, വള്ളിക്കോട്, അരുവാപ്പുലം, പ്രമാടം, കോന്നി, സീതത്തോട്, റാന്നി-പഴവങ്ങാടി, ഓമല്ലൂർ, ഇരവിപേരൂർ, നെടുമ്പ്രം, കല്ലൂപ്പാറ, കുന്നന്താനം, കടമ്പനാട്, ഏനാദിമംഗലം, മെഴുവേലി, നിരണം എന്നീ പഞ്ചായത്തുകളിലേതാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്.

21 എണ്ണം അടിസ്ഥാനതലത്തിലുള്ളവയും ഒൻപത്‌ എണ്ണം സ്റ്റാൻഡേർഡ് തലത്തിലും ഓമല്ലൂർ, ഇരവിപേരൂർ എന്നിവിടങ്ങളിലേത് പ്രീമിയം തലത്തിലുള്ളവയുമാണ്.

ഒമ്പത് ഇടങ്ങളിൽ അനിശ്ചിതത്വം

പന്തളം നഗരസഭയിൽ ഏറ്റെടുത്ത അഞ്ച് പ്രോജക്ടുകളിൽ നാല് എണ്ണവും കരാറുകാരനെ ലഭിക്കാഞ്ഞതിനാൽ നിർമാണം ആരംഭിക്കാൻ സാധിച്ചിട്ടില്ല. രജിസ്ട്രാർ ഓഫീസിനോടനുബന്ധമായി ജില്ലാ കളക്ടർ സ്ഥലം ഏറ്റെടുത്ത് നൽകിയെങ്കിലും വകുപ്പിന്റെ എതിർപ്പുമൂലം നിർമാണം തടസ്സപ്പെട്ടു.

ഇലന്തൂർ, കടപ്ര, വെച്ചൂച്ചിറ, വടശ്ശേരിക്കര എന്നിവിടങ്ങളിലും നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കോയിപ്രം, കുളനട, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകൾക്ക് വിവിധ വകുപ്പുകളിൽനിന്നായി കളക്ടർ സ്ഥലം ഏറ്റെടുത്ത് നൽകിയെങ്കിലും നിർമാണം ആരംഭിക്കാൻ സാധിച്ചിട്ടില്ല.