ജയലക്ഷ്മിക്ക് നൽകിയ : വാക്ക് പാലിച്ച് സുരേഷ് ഗോപി

കുളനട : പന്തളത്ത് എത്തുമ്പോൾ വീട്ടിൽ വരാമെന്ന് കുട്ടികർഷക ജയലക്ഷ്മിക്ക് നൽകിയ വാക്കുപാലിച്ച് സുരേഷ് ഗോപി എം.പി. പത്തനാപുരത്ത് ഒരു ചടങ്ങിൽ ജയലക്ഷ്മി തനിക്ക് സമ്മാനിച്ച പേരത്തൈ പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകാമെന്നും അതിനുശേഷം പന്തളത്ത് വരുമ്പോൾ ജയലക്ഷ്മിയുടെ വീട്ടിലെത്താമെന്നും വാക്കുനൽകിയിരുന്നു. ജയലക്ഷ്മി നൽകിയ പേരത്തൈ സുരേഷ് ഗോപി പ്രധാനമന്ത്രിക്ക്‌ കൈമാറുകയും ചെയ്തു.

പന്തളത്ത് സ്മൃതി കേരം പദ്ധതിയുടെ ജില്ലാ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് എം.പി. ജയലക്ഷ്മിയുടെ കുളനടയിലെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ സുരേഷ് ഗോപിയെ ജയലക്ഷ്മിയും സഹോദരി ശ്രീലക്ഷ്മിയും പൂക്കൾ നൽകി സ്വീകരിച്ചു. വീട്ടിലെ കൃഷിയിടങ്ങൾ ജയലക്ഷ്മിയോടൊപ്പം നടന്നുകണ്ടു.

കൃഷിയിടത്തിൽ വിളഞ്ഞുനിന്ന കണിവെള്ളരിയുടെ വിളവെടുപ്പും നടത്തി. ജയലക്ഷ്മി സമ്മാനമായി സുരേഷ് ഗോപിക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു.

പ്രധാനമന്ത്രിയെ നേരിൽ കാണണമെന്ന് ജയലക്ഷ്മി ആഗ്രഹം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുമായി സംസാരിച്ചതിനുശേഷം അതിന് അവസരം ഉണ്ടാക്കാമെന്നും ഉറപ്പുനൽകിയാണ് എം.പി. മടങ്ങിയത്.

കുടിവെള്ളത്തിനായി ഫെയ്സ് ബുക്ക് പോസ്റ്റ്; വന്നു, കണ്ടു, ഫണ്ടും നല്‍കി

donating fund
രണ്ടരലക്ഷം രൂപയുടെ പ്രതീകാത്മക ചെക്ക് സുരേഷ് ഗോപി എം.പി. പ്രദേശവാസിയായ ദശമിക്ക് കൈമാറുന്നു

പന്തളം: നഗരസഭയിലെ 33-ാം വാര്‍ഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് പണം നല്‍കി സുരേഷ് ഗോപി എം.പി. അഞ്ചുലക്ഷം രൂപയുടെ ആദ്യഗഡുവായ രണ്ടരലക്ഷം രൂപയുടെ പ്രതീകാത്മക ചെക്ക് പ്രദേശവാസിയായ ദശമിക്കു കൈമാറി.

കുടിവെള്ള പ്രശ്നത്തേക്കുറിച്ചു പ്രദേശവാസിയായ ദശമിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ടാണ് സുരേഷ് ഗോപിയുടെ ഇടപെടല്‍. മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നാണ് പണം ചെലവഴിക്കുന്നതെന്നും, പെട്ടന്നുപണി പൂര്‍ത്തിയാക്കണമെന്നും എം.പി.നിര്‍ദേശിച്ചു.

അടുത്ത ജനുവരി 31-നു മുമ്പു പ്രദേശത്തു കുടിവെള്ളമെത്തിക്കണമെന്നും ഇതിനായി പണിക്കാരെ നിര്‍ത്തി തച്ചിന് പണിയിപ്പിക്കണമെന്നും നഗരസഭാ അധ്യക്ഷ സുശീലാ സന്തോഷിനോട് നിര്‍ദേശിച്ചു.