അടൂർ: പേ വിഷബാധയുള്ള നായയുടെ കടിയേറ്റവർക്ക് ആദ്യം ചികിത്സ നല്കാൻ വിസമ്മതിച്ച് അടൂർ ജനറൽ ആശുപത്രി അധികൃതർ. ജനപ്രതിനിധികളും റവന്യൂ അധികൃതരും ഇടപെട്ടതിനെ തുടർന്നാണ് ചികിത്സ നല്കാൻ അധികൃതർ തയ്യാറായത്. ശനിയാഴ്ച രാത്രി ഏഴിനും പത്തിനുമിടയിലാണ് മണക്കാല, ചൂരക്കോട്, കിളിവയൽ, വയല എന്നിവിടങ്ങളിലുള്ള 23-പേർക്ക് നായയുടെ കടിയേറ്റത്.

ജോലി കഴിഞ്ഞു തിരികെ വീട്ടിലേക്ക് മടങ്ങുന്നവരും സാധനങ്ങൾ വാങ്ങാൻ കടകളിൽ പോയവരുമാണ് നായയുടെ ആക്രമണത്തിന് വിധേയരായവരിൽ അധികവും. പരിക്കേറ്റവർ ഏഴുമണിയോടുകൂടി അടൂർ ജനറൽ ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർമാർ മെഡിക്കൽ കോളേജിൽ പോകാൻ ആവശ്യപ്പെടുകയായിരുന്നു.

പേ വിഷബാധയ്ക്കുള്ള വാക്‌സിൻ ആശുപത്രിയിൽ ഇല്ലെന്ന് പറഞ്ഞാണ് ഡോക്ടർമാർ പരിക്കേറ്റവരോട് മെഡിക്കൽ കോളേജിലേക്ക് പോകാൻ ആവശ്യപ്പെട്ടത്. ഒമ്പതുമണിയോട്‌ നായയുടെ കടിയേറ്റ കൂടുതൽ പേർ ആശുപത്രിയിലേക്ക് എത്തി. ഇവരോടും അധികൃതർ മെഡിക്കൽ കോളേജിലേക്ക് പോകാൻ ആവശ്യപ്പെട്ടതോടെ ഒപ്പമുള്ളവർ ബഹളമുണ്ടാക്കി.

തുടർന്ന് ഏറത്ത് വില്ലേജ് ഓഫീസർ എം.ജെ. ബിജു, ഗ്രാമപ്പഞ്ചായത്തംഗം ജെ. ശൈലേന്ദ്രനാഥ് എന്നിവർ സ്ഥലത്തെത്തി അധികൃതരുമായി സംസാരിച്ചു. ഇതേ തുടർന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ ഇടപെടലിനെ തുടർന്ന് രാത്രി 11-മണിയോടെ ആദ്യമെത്തിയ 17-പേർക്ക് കുത്തിവെപ്പ് നല്കിയത്. ബാക്കിയുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും അയച്ചു.

കഴിഞ്ഞദിവസവും അന്തിച്ചിറയിൽനിന്നു നായയുടെ കടിയേറ്റു വന്നവരെയും ഇവിടെ ചികിത്സ നല്കാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിട്ടിരുന്നു. നഗരത്തിലും സമീപപ്രദേശത്തും തെരുവുനായുടെ ശല്യം രൂക്ഷമായിട്ടും മതിയായ മരുന്നും സൗകര്യങ്ങളും ഉണ്ടായിട്ടും ജനറൽ ആശുപത്രിയിൽ എത്തുന്നവർക്ക് മതിയായ പരിചരണം നല്കാത്തതിനെതിരേ പ്രതിഷേധം ശക്തമാണ്.

ശുപാർശ ചെയ്തത് മെച്ചപ്പെട്ട ചികിത്സയ്ക്ക്

വാക്‌സിൻ ജനറൽ ആശുപത്രിയിൽ ലഭ്യമാണെങ്കിലും കുത്തിവെയ്പ് നടത്തുമ്പോൾ പെട്ടെന്ന് അലർജി ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതുമുന്നിൽ കണ്ടാണ് കൂടുതൽ സൗകര്യമുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ശുപാർശ ചെയ്തത്. -മെഡിക്കൽ ഓഫീസർ, ജനറൽ ആശുപത്രി

പരിശോധിക്കും

ജനറൽ ആശുപത്രിയിൽ എത്തിയവർക്ക് ചികിത്സ നിഷേധിച്ചത് പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട എവിടെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുൻകൈയെടുക്കണം. ഇതിന് കേന്ദ്രസർക്കാർ പ്രത്യേക നിയമം പാസ്സാക്കണം. -ചിറ്റയം ഗോപകുമാർ, എം.എൽ.എ.

Content Highlights: street dog attack, rabies vaccine