സീതത്തോട്: കാറ്റാടിക്കുന്ന് വനത്തിൽ നിന്ന് വനപാലകർ പിടികൂടിയ കാട്ടാനക്കുട്ടിയെ ഗൂഡ്രിക്കൽ റെയ്‌ഞ്ച് ഓഫീസിലെത്തിച്ച് ചികിൽസ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച നാലുമണിയോടെ ആനക്കുട്ടി ചെരിഞ്ഞു. കോന്നിയിൽ നിന്നെത്തിയ ഫോറസ്റ്റ്‌ വെറ്ററിനറി സർജൻ ഡോ. ജയകുമാർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ആനയെ പരിചരിച്ചുവരികയായിരുന്നു. ആരോഗ്യ നില തൃപ്തികരമല്ലെന്ന് സൂചന നൽകിയിരുന്നു. ഒരു വയസോളം മാത്രം പ്രായം വരുന്ന ആനക്കുട്ടി ഏറെ ക്ഷീണിതയായിരുന്നു. ഗ്ലൂക്കോസും മരുന്നുകളും തുടരെ നൽകിയെങ്കിലും എഴുന്നേൽക്കാൻ പോലും പറ്റാത്ത സ്ഥിതിയിലായിരുന്നു ആന.

ഒരാഴ്ച മുമ്പ് സായിപ്പുംകുഴി തോട്ടിലൂടെ ഒഴുകി മൂഴിയാർ ഡാമിൽ വന്ന് പെടുകയായിരുന്നു കാട്ടാനക്കുട്ടി. ഡാമിൽ നിന്ന് കരയ്ക്കു കയറിയ ആനക്കുട്ടി മണിക്കൂറുകളോളം മൂഴിയാറിൽ കൊടിയ പീഡനത്തിന് ഇരയായിരുന്നു. ഇതിനൊടുവിൽ ആന വനത്തിനുള്ളിലേക്ക് കയറിപ്പോകുകയായിരുന്നു. വനപാലകർ പിന്നീട് ആനയെ തിരഞ്ഞെങ്കിലും കഴിഞ്ഞ ദിവസമാണ് കക്കി റോഡിൽ കാറ്റാടിക്കുന്ന് ഭാഗത്തു നിന്ന് കണ്ടെത്താനായത്.

മൂഴിയാർ ഡാമിൽ നിന്ന് കരയ്ക്കു കയറിയപ്പോൾ തന്നെ ആനക്കുട്ടിയുടെ ഒരു കാലിനും കൈക്കും പരിക്കേറ്റ നിലയിലായിരുന്നു.