സീതത്തോട് : കൊടുമുടിയിലെ കൃഷിയിടങ്ങളിൽ നാശം വിതച്ച് കാട്ടാനകളുടെ സംഹാരതാണ്ഡവം തുടരുന്നു. സകലതും നശിക്കുന്ന കർഷകർ ഇനിയെന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുമ്പോൾ ഒന്നിനും ഒരു പരിഹാരമുണ്ടാക്കാതെ വനംവകുപ്പ് നിസ്സംഗത പുലർത്തുകയാണ്.

കഴിഞ്ഞദിവസം രാത്രി കാരികയം പ്ലാന്റേഷൻ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കൊടുമുടി തൈക്കൂട്ടത്തിൽ ഏബ്രഹാമിന്റെ വിളവെത്താറായ ഇരുനൂറോളം വാഴകളാണ് ഒറ്റരാത്രി കൊണ്ട് നശിപ്പിച്ചത്. കർഷകനായ ഏബ്രഹാം ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിവരികയായിരുന്നു. പോരാത്തതിന് വായ്പ എടുത്ത പണം കൊണ്ടാണ് കൃഷിയിറക്കിയിരിക്കുന്നതും.

ഓണത്തിന് വിൽപ്പന നടത്താമെന്ന പ്രതീക്ഷയിൽ വിളയിച്ചു കൊണ്ടുവന്ന വാഴകളായിരുന്നു ഇത്. ഏത്തവാഴകളും പൂവൻ വാഴകളുമായിരുന്നു അധികവും. വൻതുകയുടെ കട ബാധ്യതയിലായിരിക്കുകയാണ് ഇദ്ദേഹം. ഈ പ്രദേശത്ത് അടുത്ത കാലങ്ങളിലൊന്നും കാട്ടാനയിറങ്ങിയിട്ടില്ലെന്ന് ഈ കർഷകൻ പറയുന്നു. കാട്ടുപന്നിയും മറ്റും കടന്നു കയറാതിരിക്കാൻ എല്ലാ സുരക്ഷയും കൃഷിയിടത്തിലൊരുക്കിയിരുന്നതാണ്. ചിറ്റാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കഴിഞ്ഞ രണ്ട് മാസമായി കാട്ടാനക്കൂട്ടം വൻ നാശം വിതയ്ക്കുകയാണ്. വനംവകുപ്പ് സുരക്ഷാ നടപടി ഒരുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സമരങ്ങളും മുറയ്ക്ക് നടന്നുകഴിഞ്ഞു.

വനമേഖല അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സോളാർവേലി, കിടങ്ങ് എന്നിവ സ്ഥാപിക്കണമെന്ന് കർഷകർ ഏറെ നാളായി ആവശ്യപ്പെടുകയാണ്. വനമേഖലയോട് ചേർന്ന പലസ്ഥലങ്ങളിലും ആളുകൾ ഭീതിയോടെയാണ് കഴിയുന്നത്. ഏതുസമയവും ആനകൾ വന്നെത്താമെന്നാണിവരുടെ ആശങ്ക.

നീലിപിലാവ്-മൂന്നാംമല ആദിവാസി കോളനിയിൽനിന്ന് കാട്ടാനകളെ ഭയന്ന് ഏതാനും കുടുംബങ്ങൾ ഒരുമാസം മുമ്പ് തണ്ണിത്തോട്ടിലേക്ക് താമസം മാറ്റിയിരുന്നു. രണ്ട് ദിവസം മുമ്പ് തെക്കേക്കരയിലും കാട്ടാനക്കൂട്ടം വലിയ കൃഷിനാശം ഉണ്ടാക്കിയിരുന്നു.