സീതത്തോട്: അടൂർ-പത്തനംതിട്ട-ആങ്ങമൂഴി കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് കിതയ്ക്കുന്നു. 12 ബസുകളുമായാണ് സർവീസ് തുടങ്ങിയതെങ്കിലും പിന്നീട് 10 ബസുകളാക്കുകയും ഇപ്പോൾ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം രണ്ടായി കുറയ്ക്കുകയും ചെയ്തിരിക്കുകയാണ്.
താമസിയാതെ ഈ സർവീസും നിലയ്ക്കുമെന്നാണ് അറിയുന്നത്. തുടക്കത്തിൽ വരുമാനം കുറവായിരുന്നെങ്കിലും പിന്നീട് ലാഭകരമായി എത്തിയപ്പോഴാണ് കെ.എസ്.ആർ.ടി.സി.യുടെ മലക്കം മറിച്ചിൽ. കെ.എസ്.ആർ.ടി.സി. സർവീസ് നിർത്തിയതിന് പിന്നിൽ ദുരൂഹതയുള്ളതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. സർവീസ് നിർത്തിയത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി. അധികൃതരുടെ പ്രതികരണവും ലഭ്യമായിട്ടില്ല.
ചെയിൻ സർവീസിന്റെ തുടക്കത്തിൽ സ്വകാര്യ ബസുകളുമായുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് സർവീസ് കാര്യക്ഷമമാക്കുന്നതിന് അടൂർ-പത്തനംതിട്ട, പത്തനംതിട്ട-ആങ്ങമൂഴി എന്നീ രണ്ട് മേഖലകളാക്കിയാണ് ചെയിൻ സർവീസ് നടത്തിയിരുന്നത്.
പത്തനംതിട്ട-ആങ്ങമൂഴി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്ക് 7000രൂപവരെ വരുമാനം ലഭിച്ചിരുന്നതായി കെ.എസ്.ആർ.ടി.സി. അധികൃതർ മുമ്പ് വ്യക്തമാക്കിയിരുന്നു. വരുമാനം ഉയർന്നിട്ടും ആങ്ങമൂഴി സർവീസ് നിർത്തിവെച്ചിരിക്കുകയാണ്.
പത്തനംതിട്ട-ആങ്ങമൂഴി റൂട്ടിൽ സ്വകാര്യ ബസുകളുമായി മത്സരിച്ചാണ് കെ.എസ്.ആർ.ടി.സി. ലാഭകരമായ സർവീസായി മാറിയിരുന്നത്. പൊതുവേ യാത്രാക്ലേശം അനുഭവപ്പെടുന്ന മലയോര മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് ആരംഭിച്ചത് യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു. മലയോര മേഖലയിലേക്കുള്ള
ബസ് സർവീസ് അടുത്തകാലംവരെയും സ്വകാര്യ ബസുകളുടെ കുത്തകയായിരുന്നു.