ആറന്മുള: ശബരിമല മണ്ഡലകാലം തുടങ്ങി 12 നാൾ ആയിട്ടും ആറന്മുള സത്രക്കടവിലെ ചെളിനീക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല.

തുടർച്ചയായി കഴിഞ്ഞ മാസം ഉണ്ടായ വെള്ളപ്പൊക്കമാണ് ചെളി അടിയാൻ കാരണമായത്. തെക്കൻ ജില്ലകളിൽനിന്നും പടിഞ്ഞാറൻ ജില്ലകളിൽനിന്നും ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തർ ആറന്മുള സന്ദർശിച്ചിട്ടാണ് ശബരിമലയ്ക്ക് പോകുന്നത്.

ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങുന്ന അന്യസംസ്ഥാനക്കാരായ ഭക്തരും ആറന്മുള ക്ഷേത്രത്തിൽ എത്തിയ ശേഷമേ ശബരിമല ദർശനത്തിന് പോകാറുള്ളൂ. ഇങ്ങനെ ആറന്മുളയിൽ എത്തുന്ന ശബരിമല തീർഥാടകരുടെ വിശ്രമകേന്ദ്രം ആറന്മുള സത്രമാണ്. സത്രക്കടവിൽ ഇറങ്ങി കുളിച്ച് വസ്ത്രങ്ങൾ കഴുകി ഇവിടെ പടവുകളിൽ ഉണക്കാനിട്ടശേഷം ഭക്ഷണം പാകംചെയ്ത് കഴിച്ച് പോകുകയാണ് പതിവ്. ഈ മണ്ഡലകാലത്തിന് മുമ്പ് രണ്ട് തവണ സത്രക്കടവ് റോഡ് വരെ കനത്തമഴയിൽ വെള്ളം ഉയർന്നതോടെ സത്രക്കടവിലേക്ക് ഇറങ്ങുന്ന വഴിയിലെ കോൺക്രീറ്റിലും കടവിലും രണ്ടടിയിലധികം ഉയരത്തിൽ ചെളി അടിഞ്ഞ് കിടക്കുകയാണ്. ഇതുമൂലം ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന തീർഥാടകർക്ക് ഏറ്റവും സുരക്ഷതിമായി കുളിക്കാമായിരുന്ന സത്രക്കടവിലേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

നിലവിൽ തീർഥാടകർ ഉപയോഗിക്കുന്നത് സത്രത്തിന് മുമ്പിലുള്ള കടവാണ്. ഇവിടെ വെള്ളത്തിന്റെ ഒഴുക്കും ആഴവും കൂടുതലായതിനാൽ നാട്ടുകാരാണ് പുറത്തുനിന്ന് എത്തുന്ന തീർഥാടകർക്ക് അപകട മുന്നറിയിപ്പ് നൽകുന്നത്. ഇവിടെ പഞ്ചായത്തിന്റെ അപകട സൂചനാ ബോർഡുകൾ പോലും ഇല്ല. നാട്ടുകാരുടെ സഹായമില്ലെങ്കിൽ അപകടത്തിന് സാധ്യതയുണ്ട്. എന്നാൽ നവംബർ ആദ്യവാരത്തിൽ വെള്ളം ഉയർന്ന് ചെളി അടിഞ്ഞത് പഞ്ചായത്ത് നീക്കം ചെയ്തിരുന്നതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ഇപ്പോൾ അടിഞ്ഞ ചെളിയും ഉടൻ നീക്കംചെയ്യും. എന്നാൽ ശബരിമല അനുബന്ധ പ്രവൃത്തികൾക്കുള്ള ഫണ്ട് ഇതുവരെ പഞ്ചായത്തിന് ലഭിച്ചിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.

ശബരിമല തീർഥാടനത്തിന്റെ ഭാഗമായി എന്റെ ഗ്രാമം പദ്ധതിയിൽ പഞ്ചായത്ത് വകയിരുത്തിയ രണ്ട് ലക്ഷം രൂപ ഇതുവരെ പഞ്ചായത്ത്് വിനിയോഗിച്ചില്ലെന്ന് പഞ്ചായത്തംഗം പ്രസാദ് വേരുങ്കൽ കുറ്റപ്പെടുത്തി. നവംബർ ആദ്യവാരം വെള്ളം കയറി ചെളിയടിഞ്ഞത് എൽ.എസ്.ജി.ഡി. കരാറുകാരെ ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. പഞ്ചായത്ത് വകകൊള്ളിച്ച പണം ഉപയോഗിച്ച് സത്രക്കടവ് അടിയന്തരമായി പൂർവസ്ഥിതിയിൽ എത്തിക്കണമെന്നും പ്രസാദ് വേരുങ്കൽ ആവശ്യപ്പെട്ടു.