പത്തനംതിട്ട: ശബരിമലയിൽ അഗ്നിരക്ഷാ സേനയ്ക്ക് ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്നുള്ള ആവശ്യത്തോട് പ്രതികരിക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. 2018-ലാണ് ശബരിമലയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ട് അഗ്നിരക്ഷാ സേന ദേവസ്വം ബോർഡിന് കത്ത് നൽകിയത്.

പമ്പയിലോ നിലയ്ക്കലിലോ സ്ഥലം അനുവദിക്കണമെന്നായിരുന്നു അഗ്നിരക്ഷാ സേനയുടെ ആവശ്യം. എന്നാൽ കത്തയച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഇൗ ആവശ്യത്തോട് ദേവസ്വം ബോർഡ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മണ്ഡലകാല സമയത്ത് അഗ്നിരക്ഷാ സേന സന്നിധാനത്തെ കെട്ടിടങ്ങളിലും മറ്റും സുരക്ഷാ വീഴ്ച കണ്ടെത്തിയിരുന്നു. കൂടാതെ ശബരിമലയിൽ സ്ഥിരം ഫയർ സ്റ്റേഷന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. നിലവിൽ മണ്ഡല പൂജാ സമയത്തും മാസ പൂജ, വിശേഷ ദിവസങ്ങളിലും മാത്രമാണ് ഡ്യൂട്ടിക്കായി അഗ്നിരക്ഷാ ഉദ്യോഗസ്ഥർ എത്തുന്നത്. ജില്ലയിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ മറ്റ് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിക്കെത്തുന്നത്. സീസൺ അവസാനിക്കുന്നതോടെ ഇവർ അതാത് യൂണിറ്റുകളിലേക്ക് തിരികെ പോകും. പിന്നീട് ഉണ്ടായേക്കാവുന്ന അപകടങ്ങൾ തരണം ചെയ്യണമെങ്കിൽ സീതത്തോട്ടിലുള്ള ഫയർ യൂണിറ്റ് കിലോ മീറ്ററുകൾ സഞ്ചരിച്ച് എത്തണം.

അപകടങ്ങൾ വേഗം നേരിടാനാകും

ശബരിമലയിൽ സ്ഥിരം ഫയർ സ്റ്റേഷൻ എന്നുള്ളത് കാലങ്ങളായുള്ള ആവശ്യമാണ്. ശബരിമലയിൽ പമ്പയിലോ നിലയ്ക്കലിലോ സ്ഥിരം ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതോടെ ശബരിമല പാതയിലുണ്ടാകുന്ന വാഹനാപകടങ്ങൾ, പമ്പയിലുണ്ടാകുന്ന അപകടങ്ങൾ, സന്നിധാനത്തെ അഗ്നി സുരക്ഷ, വനത്തിലെ അഗ്നിബാധ എന്നിവയിലെല്ലാം പരിഹാരമാകും. സ്ഥിരം സ്റ്റേഷൻ സംവിധാനം നിലവിൽ വരുന്നതോടെ ഉപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ സ്വന്തമായി ലഭിക്കും. നിലവിൽ മറ്റു സ്റ്റേഷനിലെ വാഹനങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. ജനവാസ കേന്ദ്രങ്ങളായ നിലയ്ക്കൽ, അട്ടത്തോട്, പ്രദേശങ്ങളിൽ ഉണ്ടാകുന്ന അപകടത്തെ നേരിടാനും സാധിക്കും.

ഭൂമി കൈമാറാൻ കഴിയില്ല

ശബരിമലയിൽ സ്ഥിരം ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി അഗ്നിരക്ഷാ സേനയ്ക്ക് ഭൂമി കൈമാറാൻ കഴിയില്ല. പകരം പമ്പയിലോ നിലയ്ക്കലിലോ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി നൽകാനാകും. ഇതിനെപറ്റിയുള്ള ആലോചനകൾ നടന്നു വരികയാണ്.

- എ. പദ്മകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

Content Highlights: fire force advised for Permanent fire station at Sabarimala, but still not taking any action on it by travancore devaswom board