കോട്ടയം: ‘വിമാനത്താവളം വരട്ടെ. ഇവിടെ വികസനത്തിന് വഴി ഒരുങ്ങുന്നതാണല്ലോ അത്.’ ചെറുവള്ളി എസ്റ്റേറ്റിലെ പഴയ ജീവനക്കാരനും തോട്ടത്തിലെ പഞ്ചായത്ത് വക കെട്ടിടത്തിൽ കട നടത്തുന്ന ആളുമായ ആനന്ദൻ പറഞ്ഞു. ഇവിടെ ജോലിചെയ്യുന്നവർക്ക് പുനരധിവാസം ഉണ്ടാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് അതിന്റെ പരിസരപ്രദേശത്തും വരവേൽപ്പിന്റെ സ്വരം ഇൗ രീതിയിൽ കേൾക്കാം. എസ്റ്റേറ്റിൽ ജോലി ചെയ്യുന്നവരും പരിസരവാസികളും പദ്ധതിയോട് അനുകൂല സമീപനമാണ് സ്വീകരിക്കുന്നത്.തോട്ടത്തിലെ മുൻ സൂപ്പർവൈസറാണ് ആനന്ദൻ. ഇവിടെ ജോലിചെയ്യുന്ന ആരും പദ്ധതിയെ എതിർക്കുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, ജീവിതമാർഗം നഷ്ടമാകുന്നവർക്ക് പകരം ക്രമീകരണം ഉണ്ടാകണം. കിടപ്പിടം വേണ്ടവർക്ക് അതും നൽകേണ്ടിവരും.എസ്റ്റേറ്റിലെ യൂണിയൻ നേതാക്കളും സമാനമായ അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. 298 തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. മറ്റ് ജീവനക്കാർ 14പേരും. എസ്റ്റേറ്റ് ലയങ്ങളിലാണ് 50 പേരൊഴികെയുള്ളവർ താമസിക്കുന്നത്. പാതിയോളം ആളുകൾക്ക് തോട്ടത്തിന് പുറത്ത് വീടോ സ്ഥലമോ ഇല്ല. ജീവിതസായാഹ്നത്തിൽ ഇവർക്ക് പുതിയ താമസസൗകര്യം സ്വന്തമായി ഉണ്ടാക്കുക എളുപ്പമല്ല.

 അവർ പറയുന്നു

പദ്ധതിയെ സ്വാഗതം ചെയ്യുകയാണെന്ന് ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു.) കൺവീനർ ജെ.പ്രതീഷ് പറ ഞ്ഞു. പദ്ധതി വരുന്നതിനെ എതിർക്കാനില്ല. തൊഴിലാളികളുടെ പുനരധിവാസം സർക്കാർ ചെയ്യുമെന്നും ഉറപ്പുണ്ട്.പണംകൊടുത്ത് ഭൂമി ഏറ്റെടുക്കുന്നതിനെ എതിർക്കുമെന്ന് ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയംഗം എൻ.ഹരിയും ജില്ലാ സെക്രട്ടറി വി.സി.അജികുമാറും അറിയിച്ചു. സർക്കാർ ഭൂമിയിൽ സർക്കാർ പദ്ധതി നടപ്പാക്കാൻ വേറെ ആർക്കും പണംകൊടുക്കാൻ പാടില്ലെന്ന് അവർ പറഞ്ഞു.