റാന്നി: ശബരീശന്റെ മണ്ണിലെത്തിയ തിരുവാഭരണ ഘോഷയാത്രയെ നിറപറയും നിലവിളക്കും കർപ്പൂരാഴിയുമായി ശരണംവിളികളോടെ ഭക്തർ വരവേറ്റു. മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങൾ കണ്ട് തൊഴാൻ ആയിരങ്ങളാണ് സ്വീകരണ സ്ഥലങ്ങളിലും വഴിയോരങ്ങളിലും കാത്തുനിന്നത്. രണ്ടാം ദിവസം ളാഹ സത്രത്തിലായിരുന്നു വിശ്രമം.
ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ തിരുവാഭരണ ഘോഷയാത്ര പുതിയകാവ് ക്ഷേത്രത്തിൽനിന്നു പുറപ്പെട്ടു. മൂക്കന്നൂരിൽ സമസ്ത നായർസമാജം യൂണിറ്റും മഹാദേവക്ഷേത്ര ഭരണസമിതിയും ഇളപ്പുജങ്‌ഷനിൽ അയ്യപ്പസേവാസംഘവും സ്വീകരിച്ചു. ഇടപ്പാവൂർ ഭഗവതി ക്ഷേത്രത്തിൽ സ്വീകരണത്തിനായി പേടകങ്ങൾ ഇറക്കിവെച്ചു. പേരൂച്ചാലിൽ ഭക്തജനസമിതി വരവേറ്റു. തിരുവാഭരണ പാത സംരക്ഷണസമിതി, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവയെല്ലാം സ്വീകരിക്കുന്നതിനായി ഇവിടെയെത്തിയിരുന്നു.
ഞായറാഴ്ച ഉദ്ഘാടനം ചെയ്ത പേരൂച്ചാൽ പാലത്തിലൂടെ മറുകരയിലേക്ക്. കീക്കൊഴൂർ ഹൈന്ദവ സേവാസമിതിയുടെ നേതൃത്വത്തിൽ തിരുവാഭരണപാതയിലേക്ക് സ്വീകരിച്ചാനയിച്ചു. ഭക്തർക്ക് ദർശനത്തിനായി ഇവിടെ പേടകങ്ങൾ തുറന്നു. ആയിക്കൽ, കുത്തുകല്ലുങ്കൽപടി, മന്ദിരം,പാലച്ചുവട്് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ഇടക്കുളം ക്ഷേത്രത്തിലെത്തി. പള്ളിക്കമുരുപ്പ്, പേങ്ങാട്ടുകടവ് എന്നിവിടങ്ങളിലും ഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ സ്വീകരണം ലഭിച്ചു. വടശ്ശേരിക്കര പഞ്ചായത്ത് പ്രതിനിധികൾ, ജനകീയസമിതി, അയ്യപ്പസേവാസംഘം, നൂറുകണക്കിന് ഭക്തർ എന്നിവ ചേർന്ന് ഘോഷയാത്രയെ ചെറുകാവ് ദേവീക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു.
പ്രഭാതഭക്ഷണത്തിനുശേഷം പുറപ്പെട്ട് പ്രയാർ ക്ഷേത്രത്തിൽ എത്തി. ഇവിടെയും ദർശനത്തിനായി നിരവധി ഭക്തർ കാത്തുനിന്നിരുന്നു. മാടമൺ ഗുരുമന്ദിരം, മണ്ടകത്തിൽ വീട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഹൃഷികേശക്ഷേത്രത്തിലെത്തി. സ്‌കൂൾ പടി, ഐവേലിക്കുഴി, പൂവത്തുംമൂട്, കൂടക്കാവ്, വെള്ളാമണ്ണിൽ എന്നിവിടങ്ങളിലും ഭക്തിനിർഭരമായ സ്വീകരണം ലഭിച്ചു. പെരുനാട് ധർമശാസ്താക്ഷേത്രത്തിലെത്തി ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിച്ചു. നാലരയോടെ പുറപ്പെട്ട്് മഠത്തുംമൂഴി രാജേശ്വരി മണ്ഡപത്തിലെത്തി. പ്രത്യേക പൂജകൾക്കുശേഷം യാത്ര തുടർന്നു. കൂനംകര ശബരിശരണാശ്രമം, പുതുക്കട, ളാഹ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ളാഹ സത്രത്തിലെത്തി വിശ്രമിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടിന് പുറപ്പെട്ട് വൈകീട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തും. അവിടെനിന്ന് സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും. ശബരീശവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തിയാണ് ദീപാരാധന.