റാന്നി: ശബരിമല നടതുറക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ എല്ലാ പ്രവൃത്തികളിലും മെല്ലെപോക്ക് സമീപനമാണ് നടക്കുന്നതെന്ന് തിരുവാഭരണപാത സംരക്ഷണസമിതി യോഗം ആരോപിച്ചു. ശബരിമല അനുബന്ധ റോഡുകൾ സഞ്ചാരയോഗ്യമാക്കുന്ന ജോലികൾ പൂർത്തീകരിച്ചില്ല.
ദീർഘകരാർ കാലാവധി പൂർത്തിയാകാറായ മണ്ണാറക്കുളഞ്ഞി-പ്ലാപ്പള്ളി റോഡിന്റെ സ്ഥിതിയും ദയനീയം. അഞ്ചുവർഷ കാലാവധി 2020 മാർച്ചിൽ അവസാനിക്കും. പലയിടത്തും തകർന്ന നിലയിലാണ്. ചില ഭാഗത്ത് വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം കരാറുകാരെക്കൊണ്ട് നന്നാക്കിക്കാനുള്ള ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർക്കുണ്ട്. അനുബന്ധ പാതയായ റാന്നി-അത്തിക്കയം റോഡിന്റെ നിർമാണം ആരഭിച്ചിട്ടേയുള്ളൂ. പന്തളം, എരുമേലി, അത്തിക്കയം, പത്തനംതിട്ട, വടശ്ശേരിക്കര, ളാഹ, നിലയ്ക്കൽ ഉൾപ്പെടെ ഇടത്താവളങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കുന്നതിന് മെല്ലെപ്പോക്ക് സമീപനമാണുള്ളതെന്ന് യോഗം കുറ്റപ്പെടുത്തി.
സമിതി പ്രസിഡന്റ് പി.ജി.ശശികുമാരവർമ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല, വൈസ് പ്രസിഡന്റ് കെ.ആർ.രവി, സെക്രട്ടറി എം.ആർ.അനിൽകുമാർ, ട്രഷറർ പി.കെ.സുധാകരൻപിള്ള, സന്തോഷ്, മനോജ്, മധുസൂധനൻ നായർ, വിലാസിനിയമ്മ എന്നിവർ പ്രസംഗിച്ചു.