പത്തനംതിട്ട : ജില്ലയിലെ 25 തദ്ദേശസ്ഥാപനങ്ങളിലെ 29 ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയങ്ങളും വിശ്രമകേന്ദ്രങ്ങളും തദ്ദേശമന്ത്രി എം.വി.ഗോവിന്ദൻ ഓൺലൈനായി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ശേഷിക്കുന്നവയുടെ നിർമാണം പുരോഗമിക്കുകയാണ്.

നേരത്തേയുള്ളവയുടെ നവീകരണവും പുതുതായി നിർമിച്ചവയും ഉദ്ഘാടനം ചെയ്യുന്നവയിൽ ഉൾപ്പെടും. ‘വഴിയിടം’ എന്ന പേരിലാണ് ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയങ്ങൾ അറിയപ്പെടുക. സ്ഥലസൗകര്യമുള്ള കേന്ദ്രങ്ങളിൽ ശൗചാലയ കേന്ദ്രത്തോടനുബന്ധമായി കോഫീ ഷോപ്പ്, വിശ്രമകേന്ദ്രങ്ങൾ എന്നിവകൂടി പ്രവർത്തിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടും ശുചിത്വമിഷൻ ഫണ്ടുമാണ് പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്.

നിർമാണം മൂന്നുതരത്തിൽ

സ്ഥലലഭ്യത, സൗകര്യങ്ങൾ, ഉപയോഗിക്കാൻ സാധ്യതയുള്ളവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ ബേസിക്, സ്റ്റാൻഡേർഡ്, പ്രീമിയം എന്നീ മൂന്നുരീതികളിലാണ് ടോയ്‌ലറ്റ് സമുച്ചയങ്ങൾ. പ്രീമിയം തലത്തിൽ വിശ്രമകേന്ദ്രത്തോടൊപ്പം കോഫി ഷോപ്പും പ്രവർത്തിപ്പിക്കാം. തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗത്തിനാണ് നിർമാണ ചുമതല. പൂർത്തീകരിക്കുന്ന ടോയ്‌ലറ്റ് സമുച്ചയങ്ങളുടെ പരിപാലന ചുമതല തദ്ദേശസ്ഥാപനങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പേ ആൻഡ് യൂസ് മാതൃകയിൽ കുടുംബശ്രീ യൂണിറ്റുകളാണ് നിർവഹിക്കുക.

ജില്ലയിലെ കേന്ദ്രങ്ങൾ

നഗരസഭകൾ-അടൂർ, പത്തനംതിട്ട.

ഗ്രാമപ്പഞ്ചായത്തുകൾ-ആനിക്കാട്, കോട്ടാങ്ങൽ, റാന്നി-പെരുനാട്, മല്ലപ്പള്ളി, ചിറ്റാർ, നാറാണംമൂഴി, വെച്ചൂച്ചിറ, കുളനട, പന്തളം-തെക്കേക്കര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം, സീതത്തോട്, റാന്നി-പഴവങ്ങാടി, ഓമല്ലൂർ, ഇരവിപേരൂർ, നെടുമ്പ്രം, കല്ലൂപ്പാറ, കുന്നന്താനം, കടമ്പനാട്, ഏനാദിമംഗലം, മെഴുവേലി, നിരണം.