മല്ലപ്പള്ളി : കോവിഡിൽ കുടുങ്ങി നിശ്ചലമായ കായികപരിശീലന കേന്ദ്രങ്ങൾ പുത്തനുണർവിലേക്ക്. നിയന്ത്രണങ്ങൾ പാലിച്ച് കുട്ടികളെ പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചതോടെ കളിക്കളങ്ങളിൽ ആരവം മുഴങ്ങിത്തുടങ്ങി. മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ ഹാൻഡ്‌ബോൾ, വോളിബോൾ, സെപക് താക്ര എന്നിവ പ്രധാന കോർട്ടിലും ക്രിക്കറ്റ് നെറ്റിലുമാണ് പരിശീലിപ്പിക്കുന്നത്.

സംസ്ഥാന സ്പോർട്സ് കൗൺസിലാണ് ജില്ലയിലെ ഹാൻഡ്‌ബോൾ പരിശീലന കേന്ദ്രമായി മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയത്തെ തിരഞ്ഞെടുത്തത്. 40 കുട്ടികൾക്ക് പ്രവേശനം നൽകാവുന്ന ഡേ ബോർഡിങ് സെന്ററും ഇവിടെ പ്രവർത്തിക്കുന്നു. സ്കൂൾ, കോളേജ് തലങ്ങളിലായി 11 സ്ഥാപനങ്ങളിലെ 70 കുട്ടികൾ ഇവിടെ പഠിക്കുന്നു.

കളിയിലൂടെ തൊഴിൽ

പരിശീലനകേന്ദ്രം തുടങ്ങി പത്ത് വർഷത്തിനുള്ളിൽ 150 താരങ്ങൾ സംസ്ഥാന ഹാൻഡ്‌ബോൾ ടീമിലിടം നേടി. 50 കുട്ടികൾ വിവിധ യൂണിവേഴ്സിറ്റികളുടെ ജേഴ്സിയുമണിഞ്ഞു. പട്ടികയിൽ ഇല്ലാതിരുന്ന ജില്ലയെ സംസ്ഥാന ചാംപ്യൻഷിപ്പുകളിലെ ആദ്യ സ്ഥാനങ്ങളിലെത്തിച്ചതിന്റെ മികവും സ്റ്റേഡിയത്തിന്റേതുകൂടിയാണ്. ഇവിടെ ഹാൻഡ്‌ബോൾ പരിശീലനം പൂർത്തിയാക്കിയ 16 പേർക്ക് തൊഴിൽ ലഭിച്ചു.

ഇതിൽ ഒൻപതുപേർ ഇന്ത്യൻ ആർമിയിലും നാലുപേർ കേരള പോലീസിലും സേവനമനുഷ്ഠിക്കുന്നു. തുരുത്തിക്കാട് ബി.എ.എം. കോളേജ് കായികവിഭാഗം മേധാവിയായിരുന്ന പ്രൊഫ. തോമസ് സ്കറിയ, അടൂർ സെന്റ് മേരീസ് സ്കൂൾ കായികാധ്യാപകൻ എസ്. ആനന്ദ്, മുൻ കായികതാരം ബിനോയ് പണിക്കമുറി എന്നിവരുടെ നേതൃത്വത്തിലാണ് രാവിലെ ഏഴുമുതൽ ഒന്നുവരെ പരിശീലനം നടക്കുന്നത്. ഇരുനൂറിലധികംപേർ ഓഹരിയുടമകളായുള്ള സൊസൈറ്റിയാണ് ഒരേക്കറോളം സ്ഥലം വിലയ്ക്കുവാങ്ങി ഇവിടെ സ്റ്റേഡിയമാക്കിയത്. രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പ്രൊഫ. പി.ജെ. കുര്യനും ആന്റോ ആന്റണി എം.പി.യും ചേർന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ച് ഇൻഡോർ കോർട്ട് നിർമിച്ചു.

വെള്ളപ്പൊക്കം ഭീഷണി

വെള്ളപ്പൊക്കത്തിൽ കോർട്ടുകൾ ചെളിക്കളമായി മാറുന്നത് ബുദ്ധിമുട്ടായിട്ടുണ്ട്. നദീതീരത്തുള്ള ഇവിടെ എട്ടടി ഉയരത്തിലാണ് വെള്ളം നിറഞ്ഞത്. 2018-ലെ പ്രളയത്തിനുശേഷം ഇപ്പോൾ വർഷംതോറും പലതവണ ആവർത്തിക്കുന്ന ദുരിതം കായികതാരങ്ങളെയും സംഘാടകരെയും വലയ്ക്കുന്നു.

സാധാരണ വെള്ളപ്പൊക്കം എത്താത്ത തരത്തിൽ കോർട്ട് ഉപരിതലം ഉയർത്തുകയും റബ്ബർ അധിഷ്ഠിത ഇന്റർലോക്ക് കട്ടകൾ പാകുകയും ചെയ്താൽ മാത്രമേ സ്റ്റേഡിയം സംരക്ഷിക്കാനാവുകയുള്ളൂ.