പത്തനംതിട്ട: ജില്ലയിൽ വി.വി.പാറ്റ് മെഷിനുകളുടെ ആദ്യഘട്ട പരിശോധന തുടങ്ങി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.അജന്തകുമാരിയുടെ നേതൃത്വത്തിൽ ഹൈദരാബാദ് ഇലക്ട്രോണിക് കോർപ്പറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിലെ എൻജിനീയർമാരുടെ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് 1530 മെഷിനുകൾ ഹൈദരാബാദ് ഇലക്ട്രോണിക് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിൽനിന്ന് എത്തിച്ചത്. 30 വോട്ടിങ് മെഷീനുകളുടെ സഹായത്താലാണ് പരിശോധന പുരോഗമിക്കുന്നത്.

ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ വോട്ട് പതിയുന്നതിനൊപ്പം ആർക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പാക്കാൻ കഴിയുന്നതാണ് മെഷീൻ. ഇലക്ട്രോണിക് വോട്ടിങ്‌ മെഷീൻ ഗാർഡിന്റേയും വി.വി.പാറ്റ് ഗാർഡിന്റേയും നിയന്ത്രണത്തിൽ ഇലക്ഷൻ ഗോഡൗണിലാണ് മെഷിനുകൾ സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷ മുൻനിർത്തി ഗോഡൗണിൽ കേരള പോലീസിന്റെ ബോംബ് സ്ക്വാഡിന്റെ മെറ്റൽ ഡിറ്റക്ടറും സ്ഥാപിച്ചിട്ടുണ്ട്.

കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ്, ആർ.എസ്.പി ജില്ലാ കമ്മിറ്റിയംഗം തോമസ് ജോസഫ്, പത്തനംതിട്ട മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി.കെ ജേക്കബ്, കേരള കോൺഗ്രസ് (എം) അംഗങ്ങളായ എലിസബത്ത് റോയി, സുനിത പി., ആമി ജോസഫ്, തിരഞ്ഞെടുപ്പ് ജില്ലാ പ്രോഗ്രാമർ ഫിജു, ഹുസൂർ ശിരസ്തദാർ വില്യം ജോർജ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.