തിരുവല്ല : ‘രാജഹംസമേ മഴവിൽ കുടിലിൽ...’ ആശുപത്രിക്കിടക്കയിൽ രോഗിയുടെ കാതുകളിലേക്ക് ഒഴുകുകയാണ് മയൂഷയുടെ മധുരഗാനങ്ങൾ. രോഗത്തോടുള്ള പോരാട്ടത്തിനിടയിൽ ജീവിതത്തിലേക്കുള്ള പിടിവള്ളിയായി മരുന്നുകൾക്കൊപ്പം മയൂഷയുടെ ഈണവും തുണയായി മാറും.

പുഷ്പഗിരി മെഡിക്കൽ കോളേജിലെ പാട്ടുപാടുന്ന സിസ്റ്റർ എന്ന പേരിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് മയൂഷയെ. പാട്ടുപാടി മരുന്നുനൽകുന്ന വീഡിയോയാണ് വൈറലായി മാറിയത്. ന്യൂറോ സർജറി വാർഡിൽ ജോലിചെയ്യുന്ന മയൂഷ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് കൂടുതൽ സമയവും പരിചരിക്കേണ്ടിവരുന്നത്. അവശതയിൽ കിടക്കുന്നവർ മയൂഷയുടെ പാട്ട് കേൾക്കുമ്പോൾ ഉഷാറാകും. മടിയില്ലാതെ മരുന്നുകൾക്ക് വാ പൊളിക്കും. 11 വർഷമായി പുഷ്പഗിരിയിൽ ജോലിതുടങ്ങിയിട്ട്. ഇവിടെത്തന്നെയാണ് ജനറൽ നഴ്‌സിങ് പഠിച്ചതും.

മൂളിപ്പാട്ട് പാടി വാർഡിൽ നടക്കുന്നതിനിടെ എന്നോ ഒരിക്കൽ രോഗികളിൽ ഒരാൾ പാട്ട് പാടാമോയെന്ന് ചോദിച്ചു. അവരിലുണ്ടാകുന്ന ആശ്വാസം തിരിച്ചറിഞ്ഞതോടെ പിന്നീട് പാട്ട് പതിവാക്കി. സംഗീതം പഠിച്ചിട്ടില്ലെങ്കിലും സ്‌കൂളിലെ കലോത്സവങ്ങളിലും മറ്റും പാടിയിരുന്നതായി മയൂഷ പറഞ്ഞു.

ചെറുപ്രായം മുതൽ പാട്ട് ഇഷ്ടമായിരുന്നു. കേട്ട് പഠിച്ചത് അതേ ഈണത്തിൽ പാടാനുളള കഴിവ് നേടിയെടുത്തു. കഴിഞ്ഞ ദിവസം പാട്ടുപാടി പരിചരിക്കുന്നതിനിടെ രോഗിയുടെ ഒപ്പമുണ്ടയിരുന്നയാൾ പകർത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തത്.

ആലപ്പുഴ എടത്വാ പാണ്ടങ്കരി നാലിൽ എൻ.വി. ഷൈജുമോന്റെ ഭാര്യയാണ് മയൂഷ. തിരുവല്ല ചുമത്ര കലാഭവനിൽ രവീന്ദ്രൻ-സരസമ്മ ദമ്പതിമാരുടെ മകളാണ്. അഞ്ചിലും ഒന്നിലും പഠിക്കുന്ന ലയന, ലിയ എന്നിവരാണ് മക്കൾ.