പത്തനംതിട്ട: ‘മോള് വിജയിക്കും... മോളേ ജയിക്കൂ... എനിക്കുറപ്പാ... തേക്കുതോടെത്തിയ വീണാ ജോർജിനെ കെട്ടിപ്പിടിച്ച് ചുംബനം നൽകി 87-കാരിയായ സരോജനിയമ്മ പറഞ്ഞു. ‘നമ്മൾ ജയിക്കും’ പുഞ്ചിരിയോടെയുള്ള വീണയുടെ മറുപടി ആവേശം ഇരട്ടിപ്പിച്ചു. കൈകളുയർത്തി പ്രവർത്തകർ മുദ്രവാക്യം വിളിച്ചു. അക്ഷാരാർത്ഥത്തിൽ തേക്കുതോട് ചെങ്കടലായി.

ശക്തമായ ത്രികോണമത്സരം നടക്കുന്ന പത്തനംതിട്ടയിലെ മുക്കിലും മൂലയിലുമെത്തി സമ്മതിദായകരെ നേരിൽ കണ്ട്‌ വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് എൽ.ഡി.എഫ്. സ്ഥാനാർഥി വീണാ ജോർജ്. പ്രചാരണം നേരത്തെ തുടങ്ങിയ വീണയുടെ മൂന്നാംഘട്ട പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. ബുധനാഴ്ച കോന്നി നിയോജകമണ്ഡലത്തിലെ മലയോര മേഖലകളിലൂടെയായിരുന്നു പര്യടനം.

രാവിലെ കൃത്യം എട്ടുമണിക്കുതന്നെ പ്രചാരണത്തിനായി സ്ഥാനാർഥി തയ്യാർ. പര്യടനം നടത്തുന്ന സ്ഥലങ്ങളെപ്പറ്റി ഒപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് സംഗേഷ് ജി.നായർ വിശദീകരിച്ചു. 8.10-ന് സീതത്തോട് പഞ്ചായത്തിലെ ഗുരുനാഥൻമണ്ണിൽ ആദ്യ സ്വീകരണം. മാലയും ഹാരവുമണിയിച്ചുള്ള പതിവ്‌ സ്വീകരണങ്ങളിൽനിന്ന്‌ വ്യത്യസ്തമായി ജൈവപച്ചക്കറികൾ നൽകിയാണ് വീണയെ പ്രദേശവാസികൾ സ്വീകരിച്ചത്.

എങ്ങും വലിയ ആൾക്കൂട്ടം

‘നമ്മുടെ പ്രിയങ്കരിയായ സാരഥി വീണാ ജോർജ് ഇതാ ഈ വാഹനത്തിന് പിന്നാലെ കടന്നുപോകുന്നു’ പൈലറ്റ് വാഹനത്തിൽ നിന്ന്‌ ഉച്ചഭാഷിണി മുഴങ്ങിക്കൊണ്ടേയിരുന്നു. സീതക്കുഴിയും കൊച്ചുകോയിക്കലും വാലുപാറയും ആങ്ങമൂഴിയും കോട്ടമൺ പാതയും പിന്നിട്ട് സീതത്തോട്ടിലെത്തിയപ്പോൾ സമയം പത്തുമണി. വെയിൽ കനത്തു തുടങ്ങിയിട്ടും സ്ഥാനാർഥിയെ കാണാൻ എങ്ങും വലിയ ആൾക്കൂട്ടം.

സ്ത്രീകളുടെ പങ്കാളിത്തമാണ് ഇതിൽ എടുത്തുപറയേണ്ടത്. എല്ലാ സ്വീകരണസ്ഥലങ്ങളിലും വീണയെ കാണാൻ പുരുഷന്മാരെക്കാൾ അധികം എത്തുന്നത് സ്ത്രീകളാണ്. ചിറ്റാർ, വയ്യാറ്റുപുഴ, നീലിപിലാവും കടന്ന് പര്യടനം തണ്ണിത്തോടെത്തിയപ്പോൾ സമയം 12 മണി. ചുട്ടുപൊള്ളുന്ന ഉച്ചവെയിലിലും വീണയെ കാണാൻ റോഡിനിരുവശത്തും നല്ല ആൾക്കൂട്ടമുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷമാണ് ഇനിയുള്ള പര്യടനം. സി.പി.എം. തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വീട്ടിലായിരുന്നു സ്ഥാനാർഥിക്കും പ്രവർത്തകർക്കും ഭക്ഷണം.

കനത്ത വെയിൽ കാരണം മൂന്നുമണിയോടെയേ ഇനി പര്യടനം പുനരാരംഭിക്കൂ. പ്രവർത്തകർക്ക് അൽപ്പസമയം വിശ്രമം അനുവദിച്ച വീണ പത്തനംതിട്ടയിൽ അടിയന്തരയോഗത്തിൽ പങ്കെടുക്കാൻ പോയി. മൂന്നുമണിക്കുതന്നെ തിരികെയെത്തി. പ്രവർത്തകരും ഉഷാറായി. കരിമാൻതോട്ടിലായിരുന്നു ഉച്ചയ്ക്ക് ശേഷമുള്ള ആദ്യസ്വീകരണം.

വികസനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രസംഗം

ഓരോ സ്വീകരണസ്ഥലങ്ങളിലും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വികസനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർഥിയുടെ പ്രസംഗം. റബർകർഷകരുടെ പ്രശ്നം, കുടിയേറ്റമേഖലയിലെ പട്ടയപ്രശ്നം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൾ, ദേശീയപാത-റെയിൽവേ വികസനം ഇങ്ങനെ ഓരോ വിഷയങ്ങളും പ്രചാരണത്തിലുടനീളം സ്ഥാനാർഥി ജനങ്ങളുമായി സംവദിച്ചു. ഇതിനിടയിൽ ചെങ്ങറ സമരഭൂമിലെത്തി അവിടെയുള്ള വോട്ടർമാരോടും സംസാരിച്ചു. അഞ്ചരയോടെ പര്യടനം പയ്യനാമണ്ണിൽ. ചെറിയ തോതിൽ മഴ പെയ്തെങ്കിലും പ്രവർത്തകരുടെ ആവേശം തണുത്തില്ല. പൂക്കളെറിഞ്ഞും കൊന്നപ്പൂക്കൾ നൽകിയും ചുവന്ന ഹാരമണിയിച്ചും പ്രവർത്തകർ സ്ഥാനാർഥിയെ വരവേറ്റു. വിവിധ കവലകൾ പിന്നിട്ട് ബുധനാഴ്ചത്തെ പര്യടനം അവസാന സ്വീകരണസ്ഥലമായ കുമ്മണ്ണൂരിലെത്തിയപ്പോൾ രാത്രി എട്ടുമണി. ചെറിയൊരു വിശ്രമത്തിന് ശേഷം വീണ്ടും വ്യാഴാഴ്ച മറ്റൊരു മണ്ഡലത്തിലൂടെ വീണ സഞ്ചരിക്കും. വിശ്രമമില്ലാത്ത ഓട്ടത്തിനെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു ‘നാം തോറ്റ ജനതയല്ല... അതിജീവിച്ച ജനതയല്ലേ...’ തികഞ്ഞ ആത്മവിശ്വാസത്തോടെ വീണ പറഞ്ഞുനിർത്തി.