പത്തനംതിട്ട: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിലും വിശ്രമമില്ലാതെയുള്ള ഓട്ടത്തിലാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ മൂന്നു പ്രധാന മുന്നണികളുടെയും സ്ഥാനാർത്ഥികൾ. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് ഇവരുടെ ശ്രമം. ഇതിനിടയിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലും അവലോകനയോഗങ്ങളിലും പങ്കെടുക്കാനും സമയം കണ്ടെത്തുന്നുണ്ട്.

ഈരാറ്റുപേട്ട നിയോജകമണ്ഡലത്തിലായിരുന്നു യു.ഡി.എഫ്. സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തിങ്കളാഴ്ചത്തെ പ്രചാരണപരിപാടികൾ. രാവിലെ ഈരാറ്റുപേട്ട നഗരത്തിലെത്തി. മരണവീടുകളിലും വിവാഹസൽക്കാരങ്ങളിലും പങ്കെടുത്തു.

എൽ.ഡി.എഫ്. സ്ഥാനാർത്ഥി വീണാ ജോർജിന് തിങ്കളാഴ്ച മണ്ഡലപര്യടനങ്ങളില്ലായിരുന്നു. പകരം പ്രധാന വ്യക്തികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. വൈകീട്ട് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്ത പാർലമെന്റ്‌ മണ്ഡലം കൺവെൻഷനിലും പങ്കെടുത്തു.

മല്ലപ്പള്ളി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലായിരുന്നു എൻ.ഡി.എ. സ്ഥാനാർത്ഥി കെ.സുരേന്ദ്രെന്റ പ്രചാരണപരിപാടികൾ. രാവിലെ മല്ലപ്പള്ളി പട്ടണത്തിൽ നടന്ന റോഡ് ഷോയ്ക്ക് ശേഷം വൈകീട്ട് കാഞ്ഞിരപ്പള്ളിയിലെത്തിയ കെ.സുരേന്ദ്രൻ എൻ.ഡി.എ. എറണാകുളം ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിെന്റ മണിമലയിലെ വീട്ടിലെത്തി അദ്ദേഹത്തിെന്റ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി.

Content Highlights: Pathanamthitta 2019 Loksabha Elections