കലഞ്ഞൂര്‍: ചാങ്ങാട്ട്-പുതുപ്പറമ്പില്‍ റോഡുകളെ ബന്ധിപ്പിച്ച് പുതിയ പാലം എന്നത് വര്‍ഷങ്ങള്‍ നീണ്ട ആവശ്യമാണ്. കലഞ്ഞൂര്‍ ജങ്ഷനിലേക്ക് വളരെ പെട്ടെന്ന് എത്താനുള്ള ഈ വഴിയുടെ ഇടയ്ക്കായി നീര്‍ച്ചാല്‍ കടന്നുപോകുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട് അതിലൂടെയാണ് പ്രദേശവാസികളുടെ യാത്രയും.

നിലവില്‍ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ടിടത്തുനിന്ന് അല്‍പ്പം ചരിച്ച് ചെറിയ പാലം നിര്‍മ്മിച്ചാല്‍ ഓട്ടോറിക്ഷയുള്‍െപ്പടെയുള്ള വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ സാധിക്കും. കഴിഞ്ഞ നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഇവിടം പാലം നിര്‍മിക്കാന്‍ എം.എല്‍.എ. ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിച്ചുവെന്ന പ്രഖ്യാപനമുണ്ടായത്. പാലം നിര്‍മാണത്തിന് മുന്നോടിയായി സ്ഥലം സന്ദര്‍ശനങ്ങള്‍ എന്ന നടപടിയും ഉണ്ടായി. 

പ്രഖ്യാപനമുണ്ടായി വര്‍ഷം ഒന്ന് കഴിയുമ്പോഴും ഇതിനുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ പോലും ആയിട്ടില്ല. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏറ്റവും വലിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണിത്. അപ്രോച്ച് റോഡ് ഉള്‍െപ്പടെ ഇവിടെയുണ്ട്. പാലം നിര്‍മാണത്തിന് അനുവദിച്ച് ഫണ്ട് സാങ്കേതികതടസ്സങ്ങള്‍ നീക്കി ഉടന്‍ വിനിയോഗിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.