ആനന്ദപ്പള്ളി: അറിവിന്റെ ഖനിയായ അക്ഷരപ്പുര തന്നെയാണ് സന്തോഷ് വായനശാല. 48 വര്‍ഷമായി തലമുറകള്‍ക്ക് കഥയും അറിവും പകര്‍ന്നുനല്‍കി ഇവിടെ. ആനന്ദപ്പള്ളി പന്നിവിഴയിലെ റോഡരികില്‍ സന്തോഷ് വായനശാലയില്‍ പുസ്തകങ്ങളുടെ മായികപ്രപഞ്ചംതന്നെയുണ്ട്. പഴയതും പുതിയതുമായ 14,000 പുസ്തകങ്ങളുടെ ശേഖരമാണ് ഇവിടെയുള്ളത്.

വായനശാലയുടെ പേരിലുമുണ്ട് പ്രത്യേകത. ആനന്ദപ്പള്ളി എന്ന പേരിന്റെ ആനന്ദം എന്ന വാക്കിന്റെ പര്യായമായ സന്തോഷം എന്ന വാക്കാണ് വായനശാലയ്ക്ക് ഇട്ടിരിക്കുന്നത്. ഈ വായശനശാലയില്‍കൂടി അറിവും വിജ്ഞാനവും നേടി പോയത് പല തലമുറകളാണ് എന്ന് വായനശാലാ ഭാരവാഹികള്‍ പറയുന്നു. 1973 ജനുവരി ഒന്നിനാണ് സന്തോഷ് വായനശാല സ്ഥാപിതമായത്. എം.ജോര്‍ജ് കണ്ടനല്ലൂര്‍ പ്രസിഡന്റായും രാമചന്ദ്രന്‍ സെക്രട്ടറിയുമായിട്ടാണ് വായനശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.

75-ല്‍ ഗ്രന്ഥശാലയ്ക്കുള്ള അംഗീകാരം ലഭിച്ചു. 1990-ല്‍ സര്‍ക്കാര്‍ പുറംപോക്കായ ഒന്നര സെന്റ് സ്ഥലം വായനശാലയ്ക്ക് ലഭിച്ചു. 95-ല്‍ ചെറിയ കെട്ടിടം പണിതു. 160 ആയുഷ്‌കാല അംഗങ്ങള്‍ ഉള്‍പ്പെടെ 1150 അംഗങ്ങള്‍ ഇന്ന് സന്തോഷ് വായനശാലയ്ക്കുണ്ട്. സംസ്ഥാനത്തെ ഏഴ് വായനശാലകള്‍ക്ക് ചരിത്ര-ശാസ്ത്ര വിജ്ഞാന കോര്‍ണര്‍ അനുവദിച്ചപ്പോള്‍ അതില്‍ ഇടം നേടി സന്തോഷ് വായനശാല മികവ് തെളിയിച്ചിരുന്നു.

ഇതോടൊപ്പം വിവരസാങ്കേതിക രംഗത്ത് പുത്തന്‍ അറിവുകള്‍ പകര്‍ന്നുനല്‍കാന്‍ ലൈബ്രറി കൗണ്‍സില്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെ അനുവദിച്ച കംപ്യൂട്ടര്‍ കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ബാലവേദി, വനിതാ വേദി, യുവജനവേദി, സ്‌പോര്‍ട്‌സ് ക്ലബ്ബ്, ആര്‍ട്‌സ് ക്ലബ്ബ്, കാര്‍ഷിക കോര്‍ണര്‍ ചാരിറ്റി പ്രവര്‍ത്തനം എന്നിവയും നടക്കുന്നു. ജില്ലാ, താലൂക്ക് തലത്തില്‍ മികച്ച ഗ്രന്ഥശാലയ്ക്കുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്.

പ്രസിഡന്റ് രാജു തോമസ്, സെക്രട്ടറി പി.എസ്.ഗിരീഷ് കുമാര്‍ അടങ്ങുന്ന 11 അംഗ ഭരണസമിതിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ സന്തോഷ് വായനശാാലയുടെ പ്രവര്‍ത്തനം. കേരളത്തില്‍ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത് 1945 സെപ്റ്റംബര്‍ 14-നാണ്. അതിനാല്‍, ഈ ദിവസം ഗ്രന്ഥശാലാ ദിനമായി മിക്ക ഗ്രന്ഥശാലകളും ആചരിക്കുന്നു.