പന്തളം: നഗരസഭാ ഭരണസമിതി പിരിച്ചുവിടാന്‍ ഉപദേശം തേടണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി എസ്.ജയകുമാര്‍ പ്രിന്‍സിപ്പല്‍ സ്വയംഭരണ സെക്രട്ടറിക്ക് നല്‍കിയ കത്തിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷകക്ഷികളുടെ തര്‍ക്കവും ബഹളവും. പ്രതിപക്ഷ അംഗങ്ങള്‍ കമ്മിറ്റി ബഹിഷ്‌കരണവും കുത്തിയിരിപ്പുസമരവും നടത്തി.

ബി.ജെ.പി. ഭരിക്കുന്ന പന്തളം നഗരസഭയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ 11-ന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍പേഴ്‌സണ്‍ സുശീലാ സന്തോഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബഹളത്തില്‍ കലാശിച്ചത്.

സെക്രട്ടറിയുടെ അഭാവത്തില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ ബിജു കെ.മാത്യുവാണ് യോഗത്തില്‍ പങ്കെടുത്തത്. നടപടികള്‍ തുടങ്ങിയപ്പോള്‍തന്നെ പ്രതിപക്ഷകക്ഷികളായ എല്‍.ഡി.എഫും യു.ഡി.എഫും കൗണ്‍സില്‍ കൂടുന്നതിന് നിയമസാധുതയില്ലെന്ന അവകാശവാദം ഉന്നയിച്ചു.

സെക്രട്ടറിയുടെ കത്തിന്മേല്‍ നിയമോപദേശം ഭരണകക്ഷി നേടിയിട്ടുണ്ടോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ തുടങ്ങുകയായിരുന്നു. സെക്രട്ടറി നല്‍കിയ കത്ത് സംബന്ധിച്ച് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും കൗണ്‍സില്‍ കൂടുന്നതിന് നിയമോപദേശം തേടിയിരുന്നതായും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

എന്നാല്‍ ഇതുസംബന്ധിച്ച തെളിവുകള്‍ കമ്മിറ്റിയില്‍ കാണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗം ചേരുന്നത് സംബന്ധിച്ച് അംഗങ്ങള്‍ക്ക് നല്‍കിയ കത്തിലെ തീയതിയില്‍ വ്യത്യാസമുണ്ടെന്ന് ആരോപിച്ചും തര്‍ക്കമുണ്ടായി.

ഇതിനിടെ കൗണ്‍സില്‍ യോഗം ചേരാന്‍ നിയമപരമായി സാധിക്കില്ലെന്ന് റവന്യൂ ഇന്‍സ്‌പെക്ടര്‍ ബിജു കെ.മാത്യു കൗണ്‍സിലിനെ അറിയിച്ചു. ഇതോടെ രംഗം കൂടുതല്‍ വഷളായി. പിന്നീട് അജണ്ട വേഗത്തില്‍ വായിച്ച് പാസാക്കിയതായി അറിയിച്ച് ചെയര്‍പേഴ്‌സണ്‍ യോഗം വളരെ പെട്ടെന്ന് അവസാനിപ്പിച്ചു. തുടര്‍ന്ന് മുദ്രാവാക്യം വിളികളോടെ രണ്ടു പ്രതിപക്ഷകക്ഷികളിലെയും അംഗങ്ങളും ഹാളിന് പുറത്തിറങ്ങി നഗരസഭാ കവാടത്തില്‍ കുത്തിയിരിപ്പുസമരം നടത്തി. എസ്.ഡി.പി.ഐ.യുടെ നേതൃത്വത്തില്‍ നഗരസഭാ കവാടം ഉപരോധിക്കുകയും ചെയ്തു.