പത്തനംതിട്ട : കാലവർഷത്തെത്തുടർന്ന് ജില്ലയിൽ വെള്ളിയാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പലപ്രദേശങ്ങളിലും 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർവരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കളക്ടർ പി.ബി.നൂഹ് അറിയിച്ചു.
കിഴക്കൻ മേഖലകളിലും ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. മണിയാർ ബാരേജിലേക്കുള്ള നീരൊഴുക്ക് ശക്തമാകുന്നതിനുള്ള സാഹചര്യമാണ്.
ഓഗസ്റ്റ് രണ്ടുവരെ ഏതുസമയത്തും മണിയാർ ബാരേജിന്റെ 5 ഷട്ടറുകൾ 10 സെന്റീ മീറ്റർ മുതൽ 100 സെൻറീ മീറ്റർവരെ ഉയർത്തും. ഷട്ടറുകൾ ഉയർത്തുന്നതുമൂലം കക്കാട്ടാറിൽ ജലനിരപ്പ് ഉയർന്നേക്കാം.
കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണം.