പത്തനംതിട്ട

: കുടിവെള്ളം മുടങ്ങിയിട്ട് നാളുകളായി. വാട്ടർ അതോറിറ്റിക്കാർ തിരിഞ്ഞുനോക്കുന്നില്ല എന്ന പരാതികളും പരിഭവങ്ങളും ഇനിയുണ്ടാകില്ല. എല്ലാവർക്കും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണെന്ന് ജലവിഭവവകുപ്പ്.

ഏഴാംമൈൽ മുതൽ തണ്ണിത്തോട് വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളിൽ വേനൽകാലത്ത് കുടിവെള്ളം ഉറപ്പാക്കാൻ ഇപ്പോഴേ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട ഡിവിഷനു കീഴിൽ രണ്ട് സബ് ഡിവിഷനുകളാണുള്ളത്- പത്തനംതിട്ടയും റാന്നിയും.

ഇതിൽ പത്തനംതിട്ടയുടെ കീഴിൽ പത്തനംതിട്ട, കോന്നി, ചിരണിക്കൽ എന്നിങ്ങനെ മൂന്ന് സെക്ഷനുകളുണ്ട്. റാന്നി സബ് ഡിവിഷനു കീഴിൽ റാന്നി, വടശ്ശേരിക്കര എന്നീ സെക്ഷനുകളും ഉണ്ട്.

കണക്ഷനുകൾ

ഡിവിഷനു കീഴിൽ ആകെ 58,145 കണക്ഷനുകളാണ് ഉള്ളത്. ഇതിൽ 54,664 -ഉം ഗാർഹിക കണക്ഷനാണ്. 3246 ഗാർഹികേതര കണക്ഷനുകളും 25 വ്യാവസായിക കണക്ഷനുകളും 210 കാഷ്യൽ് കണക്ഷനുകളും ഇതിൽ ഉൾപ്പെടും. പൊതുടാപ്പുകൾ ആകെ 8585 എണ്ണമാണ് . ഓരോ 250 മീറ്റർ കഴിയുമ്പോൾ ഒരു ടാപ്പ് എന്നാണ് കണക്ക്.

വരവും ചെലവും

കഴിഞ്ഞ സാമ്പത്തികവർഷം 14.92 കോടി രൂപയാണ് പത്തനംതിട്ട ഡിവിഷന് വെള്ളക്കരമായി ലഭിച്ചത്. ഗാർഹിക-ഗാർഹികേതര-വ്യാവസായിക കണക്ഷനുകളിൽനിന്നായി 6.18 കോടി രൂപയാണ് ലഭിച്ചത്.

ശബരിമല സീസൺ സമയത്തെ സേവനത്തിന് ദേവസ്വംബോർഡിൽനിന്ന്‌ നാലു കോടിയും 36 പഞ്ചായത്തുകളിലും നഗരസഭകളിൽനിന്നുമായി 4.76 കോടി രൂപയും കഴിഞ്ഞ സാമ്പത്തികവർഷം ലഭിച്ചിട്ടുണ്ട്.

ചെലവിനത്തിൽ പൈപ്പ് ലൈൻ പൊട്ടിയും പമ്പ് കേടായതും ഉൾെപ്പടെയുള്ള അറ്റകുറ്റപ്പണികൾക്കായി 1.30 കോടി രൂപയാണ് ചെലവായിട്ടുള്ളത്.

നഷ്ടം

പൈപ്പിനകത്ത് തടസ്സം വന്ന് മർദം കൂടിയും കാലപ്പഴക്കം മൂലവും പൈപ്പിന് മിക്കയിടത്തും തകരാർ സംഭവിച്ചിട്ടുണ്ട്. അതോടൊപ്പം റോഡ് പണിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളും വൈദ്യുതിത്തൂണിടാനും സമ്മേളനങ്ങൾ നടത്താനും കുഴിക്കുന്നത് വഴി പൈപ്പുകൾക്ക് നേരിയ തോതിൽ പൊട്ടലുണ്ടായിട്ടുണ്ട്.

വെല്ലുവിളികൾ

വിതരണത്തിനായി വിവിധയിടങ്ങളിൽ എത്തിച്ച പൈപ്പുകൾ പലയിടത്തും ഇന്ന് കാടുപിടിച്ചുകിടക്കുകയാണ്.

അടൂർ ഹൈസ്കൂൾ ജങ്ഷൻ മുതൽ ഏഴംകുളം-പട്ടാഴിമുക്ക് വരെയുള്ള പൈപ്പുകൾ മാറ്റി ഇടുന്നതിനായി എത്തിച്ച പൈപ്പുകൾ അഗ്നിരക്ഷാസേന ഓഫീസിനു മുന്നിലും കത്തോലിക്കാ പള്ളിക്ക്‌ മുന്നിലും ഉപേക്ഷിച്ച നിലയിലാണ്. ഏകദേശം 11 കോടി രൂപ ചെലവാക്കി പഴയ പൈപ്പുകൾ മാറ്റിയെങ്കിലും പുതിയത് ഇതുവരെ സ്ഥാപിച്ചിട്ടില്ല.

പൊതുമരാമത്ത് വകുപ്പ് അനുമതി നൽകാത്തതിനാലാണ് പൈപ്പ് വെക്കാൻ സാധിക്കാത്തതെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു.