അയിരൂർ: പാണ്ഡവരുടെ അജ്ഞാതവാസകാലത്തെ സംഭവ ബഹുലമായ കഥകൾ ഉത്തരാസ്വയംവരത്തിലൂടെ ചൊവ്വാഴ്ച കളിയരങ്ങിൽ അവതരിപ്പിച്ചു. കലാമണ്ഡലം സോമൻ ദുര്യോധനനായി ഏകലോചനം ആടി. കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താന്റെ ത്രിഗർത്ത വട്ടവും, കലാനിലയം വിജയന്റെ ബൃഹന്ദളയുടെ തേർപൂട്ടിക്കെട്ടും, മയ്യനാട് രാജീവന്റെ ഉത്തരനും അന്തപ്പുര സ്ത്രീകളുമായുള്ള വീരാ വിരാടാ കുമ്മിയും ഉത്തരാസ്വയംവരം കഥകളിയെ കെങ്കേമമാക്കി. കലാമണ്ഡലം സുരേന്ദ്രന്റെ നേതൃത്വത്തിൽ പാട്ടും കലാമണ്ഡലം ഉദയൻ നമ്പൂതിരിയുടെ നായകത്വത്തിൽ മേളവും പൊടിപൊടിച്ചു. കലയുടെ പേരിൽ ഒരുഗ്രാമം അറിയപ്പെടുന്നതിൽ കലാകാരനെന്ന നിലയിൽ സന്തോഷിക്കുന്നുവെന്ന് കഥകളിമേളയിലെ ആസ്വാദകളരി ഉദ്ഘാടനം ചെയ്ത ചലച്ചിത്ര നടൻ ബാബുനമ്പൂതിരി പറഞ്ഞു. ചൊവ്വാഴ്ച നടന്ന പകൽക്കഥകളിയുടെ രംഗപാഠവും ലഘു വിവരണവും ബാബു നമ്പൂതിരി കുട്ടികൾക്കു നൽകി. ക്ലബ്ബ് പ്രസിഡൻറ് വി.എൻ.ഉണ്ണി അധ്യക്ഷത വഹിച്ചു. പ്രസന്നകുമാർ കോയിപ്രം പ്രസംഗിച്ചു. വൈകീട്ട് 6.30-ന് മാവേലിക്കര കഥകളി ആസ്വാദക സംഘം പ്രസിഡൻറ് മാവേലിക്കര ഗോപകുമാർ ആട്ടവിളക്ക് തെളിയിച്ചതോടെ ഉത്തരാസ്വയംവരം കഥകളി അരങ്ങിലെത്തി.