പന്തളം: ഭയപ്പാട് കാരണം ശോഭയും രണ്ട് പെൺമക്കളും പല ദിവസവും രാത്രി ഉറങ്ങാറില്ല. ഒരു നല്ല കാറ്റടിച്ചാൽ മേൽക്കൂര പറന്നുപോകും. കതകും ജനാലയും ഇല്ലാത്ത കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ്‌ കൊണ്ട് മറച്ചാണ് ഇവർ സുരക്ഷിതത്വം ഒരുക്കിയിരിക്കുന്നത്. പല തവണ വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിച്ചുകഴിഞ്ഞു.

മുടിയൂർക്കോണം തച്ചുവേലിൽ കിഴക്കേതിൽ ശോഭയുടെ കഷ്ടപ്പാട് കണ്ടാണ് നഗരസഭ പി.എം.എ.വൈ. പദ്ധതി പ്രകാരം നാലു ലക്ഷം രൂപയ്ക്ക് വീട് അനുവദിച്ചത്. ആകെയുള്ള പത്തു സെന്റ്‌ ഭൂമിയും പാടമാണ്. ഇതിൽ അഞ്ചു സെന്റ് നികത്താൻ അനുമതിക്കായിട്ടാണ് ശോഭയും കുടുംബവും വില്ലേജോഫീസ് മുതൽ കളക്ടറേറ്റ് വരെ കയറിയിറങ്ങുന്നത്. വേറെ കരഭൂമി സ്വന്തമായില്ലാത്തവർക്ക് വീട്‌ പണിയാൻ അഞ്ച് സെന്റ് നിലം നഗരസഭയിൽ നികത്താമെന്ന നിയമം നിലനിൽക്കെയാണ് ശോഭയെ അധികാരികൾ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് വലയ്ക്കുന്നത്.

നിലംനികത്തലിന് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള അപേക്ഷ പ്രാദേശിക സഭയ്ക്ക് സമർപ്പിച്ചെങ്കിലും നികത്താൻ അനുമതി ലഭിച്ചില്ലെന്ന് ശോഭ പറഞ്ഞു. കൃഷി ഓഫീസർ കൺവീനറായും നഗരസഭാധ്യക്ഷ ചെയർമാനായുമുള്ള പ്രാദേശിക സഭയിൽ വില്ലേജ് ഓഫീസർമാർ, രണ്ടു കർഷകർ എന്നിവരും ഉൾപ്പെടുന്നു.

അഞ്ച് സെന്റ് നികത്തി വീടുവയ്ക്കുന്നതിന്‌ പ്രാദേശിക സമിതിക്ക്‌ അനുമതി നൽകാമായിരുന്നുവെന്ന് നഗരസഭാംഗങ്ങളായ മഞ്ചു വിശ്വനാഥ്, ജി.അനിൽകുമാർ എന്നിവർ പറഞ്ഞു.

ശോഭയുടെ വസ്തുവിനു ചുറ്റും നിലം നികത്തി നിയമപ്രകാരം വീടുകൾ പണിതിട്ടുണ്ടെന്നും ശോഭയ്ക്ക് മാത്രം നീതി നിഷേധിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി നീതീകരിക്കാവുന്നതല്ലെന്നും നഗരസഭാംഗങ്ങൾ പറഞ്ഞു. പദ്ധതിയുടെ കാലാവധിക്കുള്ളിൽ വീട്‌ പണിതില്ലെങ്കിൽ ആനുകൂല്യം നഷ്ടപ്പെടും. നിലം നികത്താൻ അനുമതിക്കായി വീണ്ടും കൃഷി ഓഫീസറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

അനുമതി നൽകാൻ തടസ്സം

പാടം മണ്ണിട്ട്‌ നികത്തി അവിടെ താത്കാലിക ഷെഡും ശൗചാലയവും പണിതിട്ടുണ്ട്. അതിനുശേഷമാണ് അപേക്ഷ നൽകിയത്. പാടം നികത്തുന്നതിന് നൽകിയ അപേക്ഷ പ്രാദേശിക സഭ പരിശോധിച്ചശേഷമാണ് നിയമതടസ്സം കാരണം അനുമതി നൽകാതിരുന്നത്.

-ശ്യാംകുമാർ, കൃഷി ഓഫീസർ, പന്തളം