പത്തനംതിട്ട : ഡെങ്കിപ്പനി ബാധ 300 കടന്നിട്ടും ജില്ലയിലെ പഞ്ചായത്തുകൾ പലതും ഉറക്കത്തിൽ. വാർഡുതല ശുചിത്വ സമിതികൾ യോഗം പോലും ചേരാത്ത നിരവധി പഞ്ചായത്തുകളുണ്ട്. ജില്ലയിലെ 53 പഞ്ചായത്തുകളിൽ പാതിപോലും വാർഡുതല ശുചിത്വസമിതികളുടെ പ്രവർത്തനം ഗൗരവമായി എടുത്തിട്ടിെല്ലന്നാണ് അവലോകനയോഗത്തിലും ആക്ഷേപം ഉയർന്നത്. ഒാരോ വാർഡിലും 25000 രൂപ വീതം ചെലവിടാനാണ് അനുമതി. 1.60 കോടി രൂപയാണ് പഞ്ചായത്തുകളിലേക്ക് എത്തിയത്. ഇത് കിട്ടിയിട്ടുപോലും കാര്യങ്ങൾ നേർവഴിക്കല്ല.

സമിതികൾ ചെയ്യേണ്ടിയിരുന്നത്

  • ഡെങ്കിപ്പനിബാധ കൂടാൻ കാരണം കൊതുകിന്റെ സാന്ദ്രത വർധിച്ചതാണ്. ടാപ്പിങ്ങില്ലാത്ത തോട്ടങ്ങളിൽ കാട് നിറഞ്ഞു. ചിരട്ടകമഴ്ത്തലും മറ്റും ഉണ്ടായിട്ടില്ല. ഇതിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്നു. ഇതിൽ നടപടി ഉണ്ടായില്ല.
  • പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഒാഫീസർ, പഞ്ചായത്ത് അംഗം എന്നിവർ ചേർന്ന സമിതി വാർഡിലെ പൊതു ശുചിത്വം വിലയിരുത്തണം. പക്ഷേ അതുണ്ടായില്ല.
  • മാലിന്യപ്രശ്നം ഉടൻ പരിഹരിക്കാനും ഉറവിട സംസ്കരണത്തിനും നേതൃത്വം നൽകണം
  • പനി കണ്ടെത്തിയ ഇടങ്ങളിൽ ഫോഗിങ് അടക്കമുള്ളവ ചെയ്യണം. പക്ഷേ പനി ബാധ ഉണ്ടായ സ്ഥലത്ത് പഞ്ചായത്ത് അംഗങ്ങൾ അനന്തര നടപടികൾക്ക് തിരിഞ്ഞുനോക്കാത്തിടവും ഉണ്ട്
  • വെട്ടാത്ത തോട്ടങ്ങളുടെ കണക്ക് എടുക്കൽ മിക്കയിടത്തും നടന്നിട്ടില്ല
  • കിണറുകളുടെ ശുചിത്വം പരിശോധിച്ചിട്ടില്ല. കോന്നിയിൽ ജലനിധിപദ്ധതിയുടെ സ്രോതസ്സ്‌ മലിനപ്പെട്ടതുപോലും ആദ്യം കണ്ടെത്താനായില്ല. മഞ്ഞപ്പിത്തം പടർന്നതിന് ശേഷമാണ് പരിശോധന നടത്തിയത്.
  • ശൗചാലയങ്ങൾ പലതും ജലസ്രോതസ്സിലേക്ക് തുറന്നിരിക്കുന്നു. റാന്നി വലിയതോട്ടിലേക്കും അടൂരിൽ പള്ളിക്കലാറിലേക്കും മാലിന്യം തുറന്നുവിട്ടത് ആരും കാണുന്നില്ല

വിഹിതം ഇങ്ങനെ

ശുചിത്വമിഷൻ, എൻ.ആർ.എച്ച്.എം. എന്നിവർ 10000 രൂപ വീതവും പഞ്ചായത്ത് സ്വന്തം ഫണ്ടിൽനിന്ന് 5000 രൂപ വീതവും ഇടണം. ഇതര ഫണ്ടുകൾ കിട്ടിയിെല്ലങ്കിലും പഞ്ചായത്തിന് സ്വന്തമായി ഇൗ പണം കണ്ടെത്തി ചെയ്യാമെന്ന് സർക്കാർ അനുമതി നൽകിയിരുന്നു. ഇതൊന്നും നടന്നില്ല.

സഹകരണം മെച്ചമാക്കും

തദ്ദേശസ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തമാക്കും. വാർഡ്തല ശുചീകരണസമിതി പ്രവർത്തനം കാര്യക്ഷമമമാക്കും. വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയിരുന്നു. അത് പരിഹരിക്കും.- ഡി.എം.ഒ. ഒാഫീസ്

വീഴ്ചകൾ തുടരുന്നു

ആരോഗ്യജാഗ്രത എന്ന പ്രത്യേക പരിപാടി 2017 ഡിസംബറിൽ തന്നെ സംസ്ഥാന സർക്കാർ പ്രത്യേക താത്പര്യമെടുത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ തുടങ്ങിയിരുന്നു. മന്ത്രി വിളിച്ചുചേർത്ത യോഗങ്ങളിൽ എങ്ങും ഒരു കുഴപ്പവുമില്ലെന്ന ന്യായങ്ങൾ പറഞ്ഞ് ഇരിക്കുകയായിരുന്നു ജില്ലാ ആരോഗ്യവകുപ്പ് അധികാരികൾ. ആരോഗ്യവകുപ്പ് അതീവജാഗ്രതാനിർദേശം ആവശ്യപ്പെട്ട സ്ഥലങ്ങളിൽ സന്ദർശനം നടത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കഴിഞ്ഞില്ല. -എൻ.കെ.ബാലൻ, ആരോഗ്യപ്രവർത്തകൻ

അപകടമേഖലകൾ

വല്ലന, ആനിക്കാട്, മെഴുവേലി, പെരുനാട്, തണ്ണിത്തോട്, കോന്നി, ഇലന്തൂർ, ഏനാദിമംഗലം, പത്തനംതിട്ട, വെച്ചൂച്ചിറ, മലയാലപ്പുഴ എന്നീ മേഖലകൾ െഡങ്കി അപകടമേഖല.