കലഞ്ഞൂർ: കനത്തമഴയിൽ വനത്തിനുള്ളിൽനിന്ന് ഒഴുകിയെത്തിയ വെള്ളം കലഞ്ഞൂർ പാടത്ത് കനത്തനാശം വിതച്ചു. നിരവധി വീടുകൾക്കും കടകൾക്കും നാശമുണ്ടായി. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി ഒലിച്ചുപോയി. ബുധനാഴ്ച വൈകീട്ട് നാലു മണിയോടുകൂടി ആരംഭിച്ച മഴയാണ് പ്രദേശത്ത് വെള്ളം ഉയർന്ന് വലിയ നാശത്തിലേക്ക് പോയത്. വനത്തിൽനിന്ന് ഇരുട്ടുതറ ഭാഗത്തുകൂടിയാണ് ഏറ്റവും കൂടുതൽ വെള്ളം ഒഴുകിയെത്തിയത്. ഉരുൾപൊട്ടിയതിന്റെ വെള്ളം പെട്ടെന്ന് എത്തിച്ചേർന്നതിനാൽ റോഡ് ഉൾപ്പെടെ തകർന്നു.
 
നിരവധി വീടുകൾ തകർന്നു 
താമരശ്ശേരി പടിഞ്ഞാറ്റേതിൽ വിലാസിനിയുടെ വീടിന്റെ പകുതി ഭാഗത്തോളം ഇടിഞ്ഞുപോയി. വീടിന്റെ അടുക്കള ഉൾപ്പെടെയാണ് ഒഴുകിപോയത്. സുനിൽ ഭവനിൽ സുനിലിന്റെ വീടിന്റെ കുറെ ഭാഗവും കുളിമുറി, കക്കൂസ് എന്നിവയും തകർന്നു. രത്‌നാ ഭവനിൽ സന്തോഷിന്റെ എസ്.എൻ. സ്‌റ്റോഴ്‌സിൽ വെള്ളം കയറി പലചരക്ക് സാധനങ്ങൾ എല്ലാം നശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ഇവിടെ മാത്രം ഉണ്ടായിട്ടുണ്ട്. കാരമേൽ വിക്രമന്റെ കടയിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പാടം പടയണിപ്പാറ മഹാദേവർ ക്ഷേത്രത്തിൽ വെള്ളം കയറി. 
കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ നശിച്ചിട്ടുണ്ട്. രജനീ ഭവനം ഷിജിയുടെ വീടിന്റെ സംരക്ഷണ ഭിത്തി, താമരശ്ശേരി സുരേഷിന്റെ വീട്ടിലേക്കുള്ള വഴിയുടെ കെട്ടും തകർന്നിട്ടുണ്ട്.  
 

വൻ കൃഷിനാശം  
പാടം കൃഷ്ണവിലാസത്തിൽ സതീഷ്‌കുമാറിന്റെ കൃഷിയിടത്തിൽനിന്ന് 450 മൂട് ഏത്തവാഴ വെള്ളം കയറി നശിച്ചു. ലക്ഷ്മി വിലാസം തങ്കപ്പൻ നായരുടെ കൃഷിയിടത്തിലെ ഏത്തവാഴ, പാറമുരുപ്പേൽ കമലന്റെ പറമ്പിൽനിന്ന പത്ത് മൂട് റബ്ബറും പത്ത് മൂട് കമുകും പിഴുത് ഒഴുകിപ്പോയി. പടയണിപ്പാറ അനിൽ ഭവനം അനിൽകുമാറിന്റെ കൃഷിയിടത്തിൽനിന്ന് ഇരുന്നൂറ് മൂട് മരച്ചീനി ഒഴുകിപ്പോയി.
പൊയ്കയിൽ രാജൻ, ദേവീവിലാസത്തിൽ സതീശൻ, കടുവാമൂല ഭവാനി വിലാസം സത്യരാജൻ,അനീഷ് ഭവനിൽ സുധാകരൻ, താമരശ്ശേരി വിക്രമൻ, വണ്ടണിമുകളിൽ അബ്ദുൾ റഹിമാൻ, പുളിമൂട്ടിൽ ആനന്ദൻ, ഉതിവിള അഷ്‌റഫ്, സുരേഷ്ബാബു കുറുഞ്ഞിയിൽ, പുത്തൻവീട്ടിൽ അർജ്ജുനൻപിള്ള, ഗിരീഷ് ഭവനിൽ രാജശേഖരൻപിള്ള, പാറമുരുപ്പേൽ മുരളീധരൻ എന്നിവരുടെ കൃഷിസ്ഥലത്തെ കൃഷിയാണ് വെള്ളപ്പാച്ചിലിൽ ഒഴുകി പോയത്.
വെറ്റിലക്കൊടിയും വ്യാപകമായി ഒഴുകി പോയിട്ടുണ്ട്. കരുണി വിലാസം ഷീജ രാജൻ, അനിതാ ഭവനം രവീന്ദ്രൻ, പുളിമൂട്ടിൽ രാജു, പാറയിൽ കുമാർ ഭവനിൽ കുമാർ എന്നിവരുടെ കൃഷിയിടത്തിൽനിന്നാണ് വെറ്റിലക്കൊടി ഒഴുകിപ്പോയത്.  
 

രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാം തവണ 
പാടം ഇരുട്ടുതറ, പടയണിപ്പാറ എന്നിവിടങ്ങളിൽ വെള്ളം കയറി നാശനഷ്ടമുണ്ടാകുന്നത് രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാം തവണയാണ്. മൂന്ന് പ്രാവശ്യവും വലിയ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. 
കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ ഇവിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ബുധനാഴ്ച ഉണ്ടായതെന്നും പ്രദേശവാസികൾ പറഞ്ഞു.